സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണം പരാജയം ; മരംമുറി കേസിലെ ധര്‍മ്മടം ബന്ധം മുഖ്യമന്ത്രി വ്യക്തമാക്കണം : വിഡി സതീശന്‍

Jaihind Webdesk
Wednesday, August 25, 2021

തിരുവനന്തപുരം : സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെട്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കൊവിഡ് രോഗികളുടെ എണ്ണം 38 ലക്ഷം കവിഞ്ഞിട്ടും കൊവിഡുമായി ബന്ധപ്പെട്ട ആരോഗ്യഡേറ്റ കേരളം മാത്രം മറച്ചുവയ്ക്കുകയാണ്. ഇത് മൂന്നാം തരംഗം തടയുന്നതിനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിനെ തടസപ്പെടുത്തും. കൊവിഡ് ഡാറ്റാ വിശകലനം നടക്കാത്തത് ഗവേഷണപ്രവര്‍ത്തനങ്ങളെ പോലും ഗുരുതരമായി ബാധിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

ഒരാള്‍ പോസ്റ്റീവ് ആയാല്‍ രോഗം പകര്‍ന്നിരിക്കുന്നവരെ കണ്ടെത്താനുള്ള കോണ്‍ടാക്ട് ട്രേസിംഗ് കേരളത്തില്‍ പരാജയമാണ്. ഒരാള്‍ പോസിറ്റീവ് ആയാല്‍ 20 പേരെ ടെസ്റ്റ് ചെയ്യണമെന്നിരിക്കെ 1:1.5 എന്നതാണ് കേരളത്തിലെ കണക്ക്. വാക്സീന്‍ ചലഞ്ച് ഫണ്ടായി 817 കോടി സ്വരൂപിച്ചിട്ട് 29 കോടി മാത്രമാണ് ചെലവഴിച്ചത്. ഈ പണം ഉപയോഗിച്ച് സ്വകാര്യ ആശുപത്രികളില്‍ വാക്സിന് സബ്സിഡി ഏര്‍പ്പെടുത്തണം. ആരോഗ്യ സെക്രട്ടറി ഉള്‍പ്പെടെയുള്ള ചില ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ കൊവിഡ് നിയന്ത്രണം ഹൈജാക്ക് ചെയ്തിരിക്കുകയാണ്. സര്‍ക്കാര്‍ ആശുപത്രികളിലെ ജനറല്‍ വാര്‍ഡിലെ ബെഡ്ഡിന് 750 രൂപ ഏര്‍പ്പെടുത്തിയ തീരുമാനം ഒരു ഉദാഹരണമാണ്. ഈ ഉത്തരവ് പിന്‍വലിക്കാന്‍ മന്ത്രി ഇതുവരെ തയാറായിട്ടില്ല. ഉദ്യോഗസ്ഥര്‍ എഴുതി നല്‍കുന്നതിനു താഴെ ഒപ്പുവയ്ക്കാതെ സാമാന്യ ബുദ്ധി ഉപയോഗിക്കാന്‍ ഭരാണാധികാരികള്‍ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

2021 ജൂലൈ മുതല്‍ സമിതി യോഗങ്ങളുടെ മിനിട്ട്സ് പോലും പുറത്തു വിടുന്നില്ല. ഏപ്രില്‍ വരെ 50000 മാത്രമായിരുന്നു ടെസ്റ്റ്. ഇപ്പോഴാണ് കൂട്ടിയത്. ഇപ്പോഴും മപ്പതു ശതമാനം മാത്രമാണ് ആര്‍.ടി.പി.സി.ആര്‍. എടുക്കുന്നത്. ആന്റിജന്‍ ടെസ്റ്റ് വിശ്വാസ യോഗ്യമല്ല. തമിഴ്നാട് 100 ശതമാനം ആര്‍.ടി.പി.സി.ആറാണ് ഉപയോഗിക്കുന്നത്. മറ്റു സംസ്ഥാനങ്ങളെക്കാള്‍ ഫലപ്രദമാണ് കേരളത്തിലെ കൊവിഡ് പ്രതിരോധമെന്നാണ് നേരത്തെ പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ ഇന്ന് രാജ്യത്ത് ഏറ്റവുമധികം കോവിഡ് രോഗികളുള്ളത് കേരളത്തിലാണ്.

വയനാട്ടിലെ മുട്ടില്‍ മരം മുറി കേസുമായി ബന്ധപ്പെട്ടുള്ള ധര്‍മ്മടം ബന്ധം എന്താണെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി ഇതുവരെ തയാറായിട്ടില്ല. ധര്‍മ്മടത്തുള്ള രണ്ടു പേര്‍ പ്രതികളുമായി നൂറിലേറെ തവണ സംസാരിച്ചതിന്റെ രേഖകള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. തെളിവുകള്‍ പുറത്തുവന്നിരിക്കുന്ന സാഹചര്യത്തില്‍ അരോപണ വിധേയനായ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ഇനിയെങ്കിലും തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.