വോട്ടിനു വേണ്ടി വര്‍ഗീയവാദികളുടെ തിണ്ണനിരങ്ങാന്‍ യുഡിഎഫിനെ കിട്ടില്ല; ബിജെപിയുമായി സന്ധി ചെയ്തത് സിപിഎമ്മും മുഖ്യമന്ത്രിയും: പ്രതിപക്ഷ നേതാവ്

Jaihind Webdesk
Wednesday, May 25, 2022

വര്‍ഗീയവാദികളുമായി യുഡിഎഫിന് ഒരു സന്ധിയുമില്ലെന്നും  അവരുടെ വോട്ട് വേണ്ടെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ജനാധിപത്യ വിശ്വാസികളുടെയും മതേതരവാദികളുടെയും വോട്ട് കൊണ്ട് തൃക്കാക്കരയില്‍ യുഡിഎഫ് ജയിക്കും. മതേതര മനസാണ് കേരളത്തിന്‍റേതെന്നാണ് യു.ഡി.എഫിന്‍റെ വിശ്വാസം. അഞ്ച് വോട്ടിന് വേണ്ടി കണ്ടവന്‍റെ പിന്നാലെയൊന്നും യു.ഡി.എഫ് പോകില്ല. വിഷലിപ്തമാക്കാന്‍ ശ്രമിക്കുന്ന ഒരാളുടെയും തിണ്ണ യുഡി.ഫ് നിരങ്ങില്ല. അക്കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും വേണ്ടെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി ധാരണയുണ്ടാക്കി അങ്ങോട്ടും ഇങ്ങോട്ടുമുള്ള കേസുകളൊക്കെ ഒത്തുതീര്‍പ്പാക്കിയത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. ഉമാ തോമസ് ബിജെപി ഓഫീസില്‍ പോയി പിന്തുണ തേടിയെന്നു പറയുന്നു മുഖ്യമന്ത്രിയെ കുറിച്ച് സഹതപിക്കുന്നു. പറയാന്‍ വിഷയങ്ങള്‍ ഇല്ലാത്തത് കൊണ്ടാണ് മുഖ്യമന്ത്രി ഇങ്ങനെയൊക്കെ പറയുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അതിജീവിതയുടെ ഹൈക്കോടതിയെ സമീപിച്ചതോടെ സര്‍ക്കാരിന്‍റെ  സ്ത്രീവിരുദ്ധമുഖം അനാവരണം ചെയ്യപ്പെട്ടിരിക്കുകയാണ്. ഇത് ഈ സര്‍ക്കാരിന്‍റെ  കാലത്തെ ആദ്യ സംഭവമല്ല. ഒന്‍പതും പതിമൂന്നും വയസുള്ള പെണ്‍കുട്ടികള്‍ അതിക്രമത്തിന് വിധേയരായി കെട്ടിത്തൂക്കപ്പെട്ട കേസില്‍ അന്വേഷണം നടന്നില്ലെന്ന് കോടതിയാണ് പറഞ്ഞത്. ഇതും പിണറായി വിജയന്റെ കാലത്താണ്. വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ ഡി.വൈ.എഫ്.ഐക്കാരന്‍ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ വേണ്ട വകുപ്പുകള്‍ ചേര്‍ത്തില്ലെന്നു പറഞ്ഞ് സമരം നടക്കുന്നുണ്ട്. അതും പിണറായിയുടെ കാലത്താണ്. എന്നിട്ടാണ് യു.ഡി.എഫ് കാലത്താണെങ്കില്‍ അറസ്റ്റ് ചെയ്യില്ലെന്നു പറയുന്നത്. യു.ഡി.എഫ് കാലത്ത് ഏത് കേസിലാണ് വെള്ളം ചേര്‍ത്തതെന്ന് പറയാന്‍ ധൈര്യം കാണിക്കണം. മുഖ്യമന്ത്രി വീണിടത്ത് കിടന്ന് ഉരുളരുതെന്നും വിഡി സതീശന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസ് പണ്ടും അദ്ദേഹത്തിന്‍റെ കൈയ്യിലായിരുന്നില്ല. വീണ്ടും ഓഫീസ് കൈവിട്ടു പോയോ എന്ന് മുഖ്യമന്ത്രി പരിശോധിക്കുന്നത് നന്നായിരിക്കും. അതിജീവിത കോടതിയില്‍ പോകാന്‍ ഇടയായ സാഹചര്യം സര്‍ക്കാര്‍ ഉണ്ടാക്കിയതാണ്. അന്വേഷണം വഴിതെറ്റിയെന്ന് അതിജീവിത തന്നെയാണ് പറയുന്നത്. അതിനൊന്നും മുഖ്യമന്ത്രിക്ക് മറുപടിയില്ല. സര്‍ക്കാര്‍ സ്വയം കുന്തമുനയിലാണ് നില്‍ക്കുന്നത്. ഇടനിലക്കാരെ വച്ച് കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചത് ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. ഇടത് സഹയാത്രികരാണ് അതിജീവിതയുടെ കൂടെയുണ്ടായിരുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചിരിക്കുന്നത് ആരെ രക്ഷിക്കാനാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.