സിപിഎമ്മിന് രാജ്യതാല്‍പര്യമോ ചൈനയുടെ താല്‍പര്യമോ വലുതെന്ന് വ്യക്തമാക്കണം : പ്രതിപക്ഷ നേതാവ്

Jaihind Webdesk
Saturday, January 15, 2022


തിരുവനന്തപുരം: ചൈനയുമായി ബന്ധപ്പെട്ട സിപിഎമ്മിന്‍റെ നിലപാടിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അതിർത്തിയില്‍ ചൈനയുമായി സംഘർഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യ താല്‍പര്യത്തേക്കാള്‍ കൂടുതല്‍ ചൈനയുടെ താല്‍പര്യം ഉയര്‍ത്തിപ്പിടിക്കാനുള്ള സി.പി.എമ്മിന്റെ നീക്കം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

ചൈനയില്‍ മഴ പെയ്താല്‍ തിരുവനന്തപുരത്ത് കുടപിടിക്കുന്നവരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ എന്നൊരു ആക്ഷേപം പണ്ടേയുണ്ട്. അതിന് അടിവരയിടുന്ന നിലപാടാണ് സി.പി.എം പി.ബി അംഗം എസ്. രാമചന്ദ്രന്‍ പിള്ള സ്വീകരിച്ചിരിക്കുന്നത്. രാജ്യ താല്‍പര്യമാണോ ചൈനയുടെ താല്‍പര്യമാണോ വലുതെന്നും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണോ ഇന്ത്യയിലെ സി.പി.എമ്മിനെ നിയന്ത്രിക്കുന്നതെന്നും വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

കെ- റെയില്‍ സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി ഇതുവരെ മറുപടി നല്‍കിയിട്ടില്ല. നിയമവിരുദ്ധമായി കല്ലുപാകിയാല്‍ പിഴുതെറിയുമെന്നാണ് കെ.പി.സി.സി അധ്യക്ഷന്‍ പറഞ്ഞത്. കെ- റെയില്‍ എന്ന പേരില്‍ കല്ലിടരുതെന്ന് ഹൈക്കോടതിയും നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിയമവിരുദ്ധമായാണ് കല്ലിട്ടതെന്ന പ്രതിപക്ഷ വാദത്തെയാണ് ഹൈക്കോടതിയും ശരിവച്ചിരിക്കുന്നത്. ഈ പദ്ധതിയെ യു.ഡി.എഫ് എതിര്‍ത്ത് സമരവുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.

ഗവര്‍ണറും സര്‍ക്കാരും തമ്മിലുണ്ടായിരുന്നത് സൗന്ദര്യ പിണക്കമായിരുന്നെന്നും ഇപ്പോള്‍ ഇരുവരും വീണ്ടും ഒന്നിച്ചിരിക്കുകയാണെന്നും വി.ഡി സതീശന്‍ പറഞ്ഞു. നിയമഭേദഗതി വരുത്താത്ത സാഹചര്യത്തില്‍ ചാന്‍സലര്‍ പദവിയുടെ ഉത്തരവാദിത്തം നിറവേറ്റാന്‍ ഗവര്‍ണര്‍ തയാറാകണമെന്നതാണ് പ്രതിപക്ഷ നിലപാട്. കണ്ണൂര്‍ വി.സിയെ പുറത്താക്കുകയാണ് ചാന്‍സലര്‍ പദവിയില്‍ ഇരുന്നുകൊണ്ട് ഗവര്‍ണര്‍ ആദ്യം ചെയ്യേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.