ഒന്നാം പിണറായി സർക്കാരിന്‍റെ കെട്ടിനിന്ന അഴുക്ക്ചാൽ പൊട്ടി ഒലിക്കുന്നു ; പ്രതിപക്ഷ നേതാവ്

Jaihind Webdesk
Saturday, October 23, 2021

സ്വന്തം കുഞ്ഞിനെ തിരികെകിട്ടാന്‍ അമ്മ അനുപമയ്ക്ക് നിരാഹാരം കിടക്കേണ്ടി വന്നതില്‍ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സെക്രട്ടേറിയേറ്റിന് മുന്നിൽ നടക്കുന്നത് ഒരമ്മ അവർ പ്രസവിച്ച കുഞ്ഞിന് വേണ്ടി നടത്തുന്ന ന്യായമായ സമരമാണ്. അവരുടെ കുടുംബ പ്രശ്നം രാഷ്ട്രീയവത്കരിച്ചല്ല പറയുന്നത്. തന്‍റെ കുഞ്ഞ് എവിടെ പോയി എന്ന അമ്മയുടെ ചോദ്യത്തിന് സർക്കാർ ഉത്തരം പറയണമെന്ന് അദ്ദേഹമ ആവശ്യപ്പെട്ടു.

ഈ വിഷയം കഴിഞ്ഞ കുറേ ദിവസങ്ങളായി ബന്ധപ്പെട്ടവർക്ക് അറിയാമായിരുന്നു. ആറ് മാസമായി എവിടെയായിരുന്നു മന്ത്രി വീണാ ജോർജ് . എവിടെയായിരുന്നു സാമൂഹ്യ നീതി വകുപ്പ് മന്ത്രി, എവിടെയായിരുന്നു വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി, എവിടെയായിരുന്നു ബാലാവകാശ കമ്മീഷൻ, എവിടെയായിരുന്നു ചൈൽഡ് വെൽഫയർ കമ്മിറ്റി. ആറ് മാസമായി ഓഫീസുകൾ കയറി ഇറങ്ങി നടക്കുകയാണ് ഒരമ്മ. ശ്രീമതി ടീച്ചറിന്റെ കമ്മീഷൻ വച്ചു എന്നാണ് പറയുന്നത്. നിയമം പാർട്ടികയ്യിലിടുക്കുകയാണ്. നിയമ വ്യവസ്ഥയെ മറികടന്ന് പാർട്ടി ,നിയമം കയ്യിലെടുക്കുന്നതിന്റെ ഗതികേടാണ് പാർട്ടി കുടുംബത്തിൽപ്പെട്ട ഒരമ്മക്ക് തന്റെ കുഞ്ഞിന് വേണ്ടി സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തേണ്ടി വന്നത്. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ എങ്ങനെയാണ് പാർട്ടി കൈകാര്യം ചെയ്യുന്നത് എന്നതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ് അനുപമയുടെ സമരം.

എസ്എഫ്ഐ – എഐഎസ്എഫ് സംഘർഷം

ഭരണമുന്നണിയിൽപ്പെട്ട സി പി ഐ യിലെ വിദ്യാർത്ഥി സംഘടനയിൽപ്പെട്ട ഒരു പെൺകുട്ടിയെ ക്രൂരമായി മർദ്ദിച്ചു. ബലാൽസംഘം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ജാതി പറഞ്ഞ് അധിക്ഷേപിച്ചു. എന്ത് നടപടി എടുത്തു. പ്രതിപക്ഷം പ്രതികരിച്ചപ്പോഴാണ് കേസെടുത്തത്. ഇപ്പോ എസ്എഫ്ഐ യുടെ പരാതിയിൽ അവർക്കെതിരെ കള്ളക്കേസെടുക്കുന്നു. സി പി ഐ മന്ത്രിമാരോട് ചോദിക്കാനുള്ളത് നിങ്ങളുടെ മകളല്ലേ അത്. അവൾക്ക് നീതി ലഭ്യമാക്കാൻ സാധിക്കാതെ എങ്ങനെയാണ് നിങ്ങൾ മന്ത്രിസഭാ യോഗത്തിൽ പോയി പങ്കെടുക്കുന്നത്. നാണമുണ്ടോ നിങ്ങൾക്ക് . ഭരണത്തിന്റെ അഹങ്കാരത്തിൽ പാർട്ടിക്കാർ ചെയ്യുന്ന എല്ലാ തെറ്റുകൾക്കും കുട പിടിക്കുകയാണ് സർക്കാർ.

യഥാർത്ഥത്തിൽ ഈ സംഭവങ്ങളിലൂടെ ഒന്നാം പിണറായി സർക്കാരിന്റെ കെട്ടി നിന്ന അഴുക്കുചാൽ പൊട്ടി ഒലിക്കുന്ന കാഴ്ചയാണ് കാണുന്നത്. ആറ് മാസം മുമ്പ് എല്ലാവരെയും കണ്ടപ്പോൾ അനുപമ ക്കൊപ്പമില്ലാത്തവർ ഇപ്പോൾ പ്രശ്നം വാർത്തയായപ്പോൾ കീഴ്മേൽ മറിയുകയാണ്. വളരെ കർശനമായി പാലിക്കേണ്ട കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള ജെ.ജെ.ആക്ട് അട്ടിമറിച്ച ക്രിമിനൽ കുറ്റമാണ് നടന്നിരിക്കുന്നത്. ചൈൽഡ് വെൽഫയർ കമ്മിറ്റി പിരിച്ച് വിടണം. ദത്തെടുക്കാനുള്ള മുഴുവൻ നടപടി ക്രമങ്ങളും അട്ടിമറിക്കുകയാണ് ചെയ്തിരിക്കുന്നത്.