ദത്ത് വിവാദം : നിയമങ്ങള്‍ കാറ്റിൽ പറത്തി മുഖ്യമന്ത്രി അടക്കം അറിഞ്ഞു നടത്തിയ മനുഷ്യക്കടത്തെന്ന് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Wednesday, November 24, 2021

തിരുവനന്തപുരം : അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവം എല്ലാ നിയമങ്ങളും കാറ്റിൽ പറത്തി മുഖ്യമന്ത്രി അടക്കം അറിഞ്ഞു നടത്തിയ മനുഷ്യക്കടത്താണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ശിശുക്ഷേമ സമിതിയുടെ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി വിഷയത്തിൽ മൗനം പാലിക്കുന്നത് എല്ലാം നേരത്തെ അറിയാമായിരുന്നതുകൊണ്ടാണ്, സിഡബ്ല്യുസി പിരിച്ചുവിടണമെന്നും വിഡി സതീശൻ പറഞ്ഞു.

കുഞ്ഞിനെ പിതാവ് അന്വേഷിച്ചു വന്നിട്ടും ഇവർ അനുകൂല നടപടി സ്വീകരിച്ചില്ല. അമ്മ കുഞ്ഞിനെ അന്വേഷിച്ച് എത്തിയപ്പോൾ ദത്ത് നടപടി സ്ഥിരപ്പെടുത്താൻ ശിശുക്ഷേമ സമിതി കോടതിയിൽ പെറ്റീഷൻ നൽകി. അനുപമയുടെ കുഞ്ഞാണെന്ന് മനസ്സിലായിട്ടും ഇതിൽ ഗൂഡാലോചന നടത്തിയെന്നും വിഡി സതീശൻ പറഞ്ഞു.

അനുപമയുടെ പരാതി ഉണ്ടായിട്ടും ദത്ത് നടപടികൾ തുടർന്നു. പാർട്ടി അന്വേഷിക്കുന്നു എന്നാണ് പറഞ്ഞത്. പാർട്ടിക്കാര്യമാണെന്നാണ് സിപിഎം പറഞ്ഞത്. ഇതെങ്ങനെ പാർട്ടികാര്യമാകും? ഇടതു പക്ഷ സ്വഭാവമുള്ള നടപടികളൊണോ സിപിഎമ്മിൽ നിന്നുണ്ടായതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.