ഞാന്‍ പറയുന്നു… ബെഹറ പെരുമാറുന്നത് ബ്രാഞ്ച് സെക്രട്ടറിയെപ്പോലെ! ധൈര്യമുണ്ടെങ്കില്‍ കേസെടുക്കട്ടേ: വി.ഡി. സതീശന്‍

Jaihind News Bureau
Saturday, August 31, 2019

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള തീരുമാനത്തിനെതിരെ ശക്തമായി പ്രതികരിച്ച് വി.ഡി. സതീശന്‍ എം.എല്‍.എ. ‘ഞാന്‍ പറയുന്നു ലോക്കല്‍ സെക്രട്ടറിയെ പോലെയല്ല ബ്രാഞ്ച് സെക്രട്ടറിയെ പോലെയാണ് ഡി ജി പി പെരുമാറുന്നത്. ധൈര്യമുണ്ടെങ്കില്‍ കേസെടുക്കട്ടെ!’ വീ.ഡി. സതീശന്‍ എം.എല്‍.എ ഫേസ്ബുക്കില്‍ കുറിച്ചു.

ഡിജിപി ലോക്നാഥ് ബെഹ്റ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെപ്പോലെ പ്രവര്‍ത്തിക്കുന്നെന്ന പരാമര്‍ശത്തിലാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയത്. പോസ്റ്റല്‍ ബാലറ്റ് ഉപയോഗിക്കുന്ന പൊലീസുകാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് ഇടത് അനുകൂല അസോസിയേഷന് നല്‍കാനാണെന്ന് ആരോപിച്ചതിനാണ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മാനനഷ്ടക്കേസ് നല്‍കാന്‍ ആഭ്യന്തര വകുപ്പ് ഡിജിപിക്കു അനുമതി നല്‍കിയത്.

മുല്ലപ്പള്ളിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയ ആഭ്യന്തര വകുപ്പും അനുമതി തേടിയ ഡിജിപിയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വായ് മൂടിക്കെട്ടുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു. . പ്രോസിക്യൂട്ട് ചെയ്ത് കോണ്‍ഗ്രസിനെ നിശബ്ദമാക്കാം എന്നു കരുതിയാല്‍ അതു കേരളത്തില്‍ നടപ്പാകില്ല. വിമര്‍ശനങ്ങളെ ഭയക്കുന്നവരാണ് അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

സി പി എം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയെപ്പോലെ ഡി ജി പി ബെഹറ പെരുമാറുന്നു എന്ന് പറഞ്ഞതിന് കെ പി സി സി പ്രസിഡണ്ടിനെതിരെ കേസ്.
ഞാന്‍ പറയുന്നു ലോക്കല്‍ സെക്രട്ടറിയെ പോലെയല്ല ബ്രാഞ്ച് സെക്രട്ടറിയെ പോലെയാണ് ഡി ജി പി പെരുമാറുന്നത്. ധൈര്യമുണ്ടെങ്കില്‍ കേസെടുക്കട്ടെ!