മോദി സർക്കാരിന്‍റെ വിദ്യാഭ്യാസ നയമാണ് കേരള സർക്കാർ നടപ്പാക്കാന്‍ ശ്രമിക്കുന്നത് : പ്രതിപക്ഷ നേതാവ്

കണ്ണൂർ : സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ സാധിക്കാത്ത മന്ത്രിയാണ് കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.മോഡി സർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുകയാണ് കേരള സർക്കാർ ചെയ്യുന്നതെന്നും വി ഡി സതീശൻ കണ്ണൂരിൽ പറഞ്ഞു. എയ്ഡഡ് ഹയർ സെക്കന്‍ററി ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം കണ്ണൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്.

മണ്ടൻ തീരുമാനങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്നത്.അനീതിയാണ് കേരളത്തിൽ നടക്കുന്നത്.. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് മാറ്റം വരുത്തേണ്ടവർ വിലങ്ങുതടി ആയി നിൽക്കുകയാണെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

വിദ്യാർത്ഥിയുടെ ഭാവി നിശ്ചയിക്കുന്നിടത്താണ് രാഷ്രീയമായി വിദ്യാഭ്യാസ മേഖലയെ അട്ടിമറിക്കാൻ നോക്കുന്നത്. വളരെ സങ്കുചിതമായ രീതിയിൽ ആണ് ഹയർ സെക്കന്‍ററി മേഖലയെ തകർക്കുന്നത്. ഖാദർ കമ്മിറ്റി റിപ്പോർട്ടിലൂടെ മോഡി സർക്കാരിന്‍റെ വിദ്യാഭ്യാസ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കാനാണ് പോകുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

ഖാദർ കമ്മിറ്റി കാലാവധി നീട്ടി. ഭരണ പരമായ കാര്യം മാത്രമാണ് പ്രസിദ്ധികരിച്ചത്.അക്കാദമിക് വിഷയങ്ങൾ അടങ്ങിയ കാര്യങ്ങൾ പ്രസിദ്ധികരിച്ചില്ല.കുട്ടികളും അധ്യാപകരും അനുഭവിക്കാൻ പോകുകയാണെന്നും വി ഡി സതീശൻ പറഞ്ഞു.എ എച്ച് എസ് ടി എ ഏർപ്പെടുത്തിയ ജി കാർത്തികേയൻ സ്മാരക പുരസ്കാരവും, ഡോ.കെ.വി കുഞ്ഞികൃഷ്ണൻ സ്മാരക അവാർഡും, പി.ലതിക ടീച്ചർ സ്മാരക അവാർഡും പ്രതിപക്ഷ നേതാവ് വിതരണം ചെയ്തു. സജീവ് ജോസഫ് എംഎൽഎ, കെ പി സി സി വൈസ് പ്രസിഡൻറ് ടി.സിദ്ദിഖ്, ഡിസിസി പ്രസിഡൻറ് മാർട്ടിൻ ജോർജ്ജ്, സതീശൻ പാച്ചേനി തുടങ്ങിയവർ സംസാരിച്ചു. സമ്മേളനം ശനിയാഴ്ച സമാപിക്കും.

Comments (0)
Add Comment