‘കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഇല്ല, സർക്കാരിന്‍റെ വാർഷികാഘോഷം ഒഴിവാക്കണം’ : പ്രതിപക്ഷ നേതാവ്

Jaihind Webdesk
Saturday, April 16, 2022

സംസ്ഥാന ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷനേതാവ് വിഡി സതീശന്‍. കേരളത്തിൽ നടക്കുന്നത്  വർഗീയ കൊലപാതകങ്ങള്‍. മുഖ്യമന്ത്രിയുടെ  കീഴിലുള്ള  ആഭ്യന്തര വകുപ്പ് കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നല്‍കുന്നതില്‍ പരാജയപ്പെട്ടു.  കേരള പോലീസിൽ ഭൂരിപക്ഷവും വർഗീയവാദികൾ നുഴഞ്ഞുകയറിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ അക്രമങ്ങള്‍ നടന്നിട്ടും ഭരണകൂടം നോക്കി നിൽക്കുകയാണ്. ഭയന്നാണ് കേരളത്തിലെ ജനങ്ങൾ ഓരോ ദിവസവും  കഴിയുന്നതെന്നും വിഡി സതീശന്‍ വിമർശിച്ചു.

അതേസമയം  കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെഎസ്ആർടിസിയിൽ ജീവനക്കാർക്ക് വിഷുവിനും ഈസ്റ്ററിനും പോലും ശമ്പളമില്ലാത്തപ്പോഴാണ് സർക്കാർ കെ റെയിൽ നിർമിക്കാൻ പോകുന്നത്.  ജീവനക്കാരെ ദയാ വധത്തിനായി വിട്ടുകൊടുത്തിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

ആരോഗ്യ വകുപ്പ് പരിതാപകരമെന്ന്  ചീഫ് സെകട്ടറി തന്നെ പറയുന്നു. കുട്ടനാട്ടിലെ കർഷകരുടെ കണ്ണീർ സർക്കാർ കാണുന്നില്ല. സാമ്പത്തിക പ്രതിസന്ധിയില്‍ കർഷകർ ആത്മഹത്യ ചെയ്യുമ്പോള്‍ കൃഷിവകുപ്പ് നോക്കുകുത്തിയാകുന്നു. അടുത്ത സാമ്പത്തിക വർഷം ജീവനക്കാർക്ക് ശമ്പളം  കൊടുക്കാൻ പോലും  ധനവകുപ്പിന് വഴിയില്ല. സംസ്ഥാനത്തെ എല്ലാ മേഖലയിലും ഭരണം പരാജയമാണ്.  ഈ സാഹചര്യത്തില്‍ സർക്കാരിന്‍റ ഒന്നാം വാർഷിക ആഘോഷം വേണ്ടെന്ന്  വെക്കണമെന്ന് പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.