അന്‍വര്‍ ആഫ്രിക്കയിലോ അന്‍റാര്‍ട്ടിക്കയിലോ പോയി ബിസിനസ് ചെയ്താട്ടേ ഞങ്ങള്‍ക്കൊന്നുമില്ല ; നിയമസഭയില്‍ എത്താത്തതാണ് ചോദ്യം ചെയ്തത് : പ്രതിപക്ഷ നേതാവ്

Jaihind Webdesk
Thursday, October 28, 2021

 

തിരുവനന്തപുരം : മണി ചെയിൻ തട്ടിപ്പ് ആരോപണത്തില്‍ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഒരാളെയും ഞാൻ പറ്റിക്കാറില്ല, തനിക്കതിരെ ആരോപണം ഉന്നയിച്ച് പ്രശസ്തി കിട്ടാനാണെങ്കിൽ പറഞ്ഞോട്ടെയെന്നും അദ്ദേഹം പറഞ്ഞു.

32 കൊല്ലം മുൻപ് തട്ടിപ്പ് നടത്തിയന്നാണ് പറയുന്നത്. അന്ന് ഞാൻ പറവൂരിൽ പോയിട്ടില്ല. 1991- 1992 കാലയളവിൽ തിരുവനന്തപുരത്ത് എൽ.എൽ.എം പഠിക്കുകയായിരുന്നെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. താൻ ജീവിതത്തിൽ ഇതുവരെ ഒരു കമ്പനിയിലും ഡയറക്ടർ ആയിട്ടില്ല, ഫേസ്ബുക്കില്‍ അപമാനിക്കുന്ന പോസ്റ്റ് ഇട്ട്, 23 കൊല്ലം മുൻപ് മരിച്ച അച്ഛനെ പോലും അനാവശ്യം പറയുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ പോയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയമസഭയിൽ വരാത്ത കാര്യത്തെപ്പറ്റിയുള്ള ചോദ്യം വന്നപ്പോഴാണ് അന്‍വറിന്‍റെ പ്രതികരണം. അൻവർ ആഫ്രിക്കയിലോ അന്‍റാർട്ടിക്കയിലോ പോയി ബിസിനസ് ചെയ്താട്ടെ, ഞങ്ങൾക്ക് ഒന്നുമില്ലെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.