‘ഗവര്‍ണര്‍ സര്‍ക്കാരിനെ ഭീഷണിപ്പെടുത്തിയത് വിമാനം ഹൈജാക്ക് ചെയ്തവരെ പോലെ, മുഖ്യമന്ത്രിക്ക് ആർജ്ജവമില്ല’ :

Jaihind Webdesk
Friday, February 18, 2022

മന്ത്രിമാരുടെ പഴ്‌സണല്‍ സ്റ്റാഫിന്‍റെ  പെന്‍ഷന്‍ നിര്‍ത്താലാക്കിയാലെ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടൂവെന്ന് ഗവര്‍ണര്‍ പറയുന്നത് വിമാനം ഹൈജാക്ക് ചെയ്തവര്‍ ചില ആവശ്യങ്ങള്‍ ഉന്നയിക്കുന്നതു പോലെയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എന്നാല്‍ വിമാനം ഹൈജാക്ക് ചെയ്തവരുടെ കൈയ്യില്‍ ഉണ്ടായിരുന്നത് കളിത്തോക്കായിരുന്നെന്നും ബോംബാണെന്നു പറഞ്ഞ് കാട്ടിയത് ടെന്നീസ് ബോളായിരുന്നെന്നും ഈ സര്‍ക്കാരിന് മനസിലായില്ല. അതുകൊണ്ടാണ് സര്‍ക്കാര്‍ ഗവര്‍ണറുടെ ഭീഷണിക്ക് വഴങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

നയപ്രഖ്യാപനവുമായി ബന്ധപ്പെട്ട് മന്ത്രിമാരുടെ സ്റ്റാഫ് നിയമന വിഷയം ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. അത് മറ്റൊരു വിഷയമാണ്. അത് ഭരണഘടനാപരമായി ബാധ്യത നിറവേറ്റുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യേണ്ടതല്ല. നയപ്രഖ്യാപനം ഗവര്‍ണറുടെ ഭരണഘടനാ ബാധ്യതയാണെന്ന് ചൂണ്ടിക്കാട്ടി മറുപടി പറയാന്‍ ആര്‍ജ്ജവമുള്ളൊരു സര്‍ക്കാരോ മുഖ്യമന്ത്രിയോ കേരളത്തിലില്ലെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.

ഭരണഘടനയുടെ 163, 176 വകുപ്പുകള്‍ അനുസരിച്ച് നയപ്രഖ്യാപനം മന്ത്രിസഭ അംഗീകരിച്ചാല്‍ നിയമസഭയെ അഭിസംബോധന ചെയ്യേണ്ടത് ഗവര്‍ണറുടെ ഭരണഘടനാപരമായ ബാധ്യതയാണ്. നയപ്രഖ്യാപന പ്രസംഗം നടത്തിയില്ലായിരുന്നെങ്കില്‍ ഗവര്‍ണര്‍ക്ക് ഇന്ന് രാജിവയ്‌ക്കേണ്ടി വരുമായിരുന്നു. അതിന് അവസരം കൊടുക്കാതെ അനാവശ്യമായി ഗവര്‍ണറുടെ സമ്മര്‍ദ്ദത്തിന് സര്‍ക്കാര്‍ വഴങ്ങി പൊതുഭരണ വകുപ്പ് സെക്രട്ടറിയെ ബലിയാടാക്കി. മുഖ്യമന്ത്രി പറഞ്ഞിട്ടല്ലേ പൊതുഭരണ സെക്രട്ടറി പഴ്‌സണല്‍ സ്റ്റാഫിനെ നിയമിച്ച ഫയലില്‍ അതൃപ്തി രേഖപ്പെടുത്തിയത്? ഫയലില്‍ രേഖപ്പെടുത്തിയ അതൃപ്തി പൊതുഭരണ വകുപ്പ് സെക്രട്ടറിയുടേതാണോ സര്‍ക്കാരിന്റേതാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മുഖ്യമന്ത്രി പറയാതെ പൊതുഭരണ സെക്രട്ടറി അതൃപ്തി രേഖപ്പെടുത്തുമോ? മുഖ്യമന്ത്രി പറഞ്ഞിട്ടാണ് പൊതുഭരണ സെക്രട്ടറി അങ്ങനെ ചെയ്തത്. ഒടുവില്‍ ഗവര്‍ണറുടെ അനാവശ്യ സമ്മര്‍ദ്ദത്തിന് വഴങ്ങിയ സര്‍ക്കാര്‍ പൊതുഭരണ സെക്രട്ടറിയുടെ തല വെള്ളിത്താലത്തില്‍ വച്ച് നല്‍കി. ഭരണഘടനാവിരുദ്ധമായി ഗവര്‍ണറോ സര്‍ക്കാരോ പെരുമാറിയാല്‍ പ്രതിപക്ഷം അതിനെ ചോദ്യം ചെയ്യുമെന്നും വിഡി സതീശന്‍ വ്യക്തമാക്കി.

പ്രതിപക്ഷത്തിന്‍റ വാദമുഖങ്ങള്‍ വെറും രാഷ്ട്രീയ ആരോപണങ്ങളല്ല സത്യസന്ധമാണെന്ന് ശെരിവയ്ക്കുന്നതാണ് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍റെ  പ്രതികരണം. പ്രതിപക്ഷ വാദങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരുന്നതാണ് സിപിഐയുടെ വിമര്‍ശനങ്ങള്‍. ലോകായുക്ത ഓര്‍ഡിനന്‍സ് ഭേദഗതി കൊണ്ടു വരാനുള്ള നീക്കത്തില്‍ സര്‍ക്കാരിന്‍റെ അഴിമതി മുഖത്തേക്ക് ജനങ്ങള്‍ തുറിച്ചു നോക്കുകയാണെന്നും പ്രതിപക്ഷത്തിന് വിശ്വാസ്യത കൂടിവരികയാണെന്നുമാണ് കാനം പറഞ്ഞത്. പാര്‍ട്ടിയിലും മന്ത്രിസഭയിലും എല്‍ഡിഎഫിലും ചര്‍ച്ച ഇല്ലാതെ എല്ലാ തീരുമാനങ്ങളും ഒറ്റയ്ക്ക് എടുക്കുന്ന സാഹചര്യത്തില്‍ ആരെങ്കിലുമൊക്കെ അത് ചോദ്യം ചെയ്യട്ടേയെന്നും അദ്ദേഹം പറഞ്ഞു.