‘അവിശ്വസനീയവും വേദനാജനകവുമായ വിയോഗം’; അനുസ്മരിച്ച് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Thursday, August 4, 2022

കെപിസിസി ജനറല്‍ സെക്രട്ടറി പ്രതാപ വർമ്മ തമ്പാന്‍റെ വിയോഗം അവിശ്വസനീയവും വേദനാജനകവുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. തമ്പാനുമായി വ്യക്തിപരമായി വളരെ അടുത്ത ബന്ധം ഉണ്ടായിരുന്നു. കോൺഗ്രസിനെ കൊല്ലം ജില്ലയിൽ വളർത്തുന്നതിൽ വലിയ പങ്ക് വഹിച്ച വ്യക്തിയായിരുന്നു പ്രതാപവർമ്മ തമ്പാനെന്നും പ്രതിപക്ഷ നേതാവ് അനുസ്മരിച്ചു.

“സംസ്ഥാനത്തെ യുവജനവിദ്യാർത്ഥി രാഷ്ട്രീയ രംഗത്ത് നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു. ഡിസിസി പ്രസിഡന്‍റെന്ന നിലയിൽ ജില്ല മുഴുവന്‍ നിറഞ്ഞുനിന്ന് ചുറുചുറുക്കോടെ പ്രവര്‍ത്തിച്ചിരുന്ന വ്യക്തി. ഏൽപ്പിക്കുന്ന കാര്യങ്ങൾ കൃത്യമായി ചെയ്തുതീർക്കുന്ന രീതി. ശരിയല്ലെന്ന് തോന്നുന്ന കാര്യങ്ങൾ മുഖം നോക്കാതെ പറയുന്ന സ്വഭാവം. എങ്കിലും ആർക്കും അദ്ദേഹത്തോട് വെറുപ്പോ വൈരാഗ്യമോ തോന്നിയിരുന്നില്ല. കോഴിക്കോട് നടന്ന ചിന്തൻ ശിബിർ തീരുമാനങ്ങൾ നടപ്പാക്കുന്ന കാര്യങ്ങളിൽ സജീവമായി ഇടപെടൽ നടത്തിക്കൊണ്ടിരുന്നു” – പ്രതിപക്ഷ നേതാവ് ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.

താങ്ങാനാകാത്ത ഒരു ആഘാതമാണ് ഉണ്ടായിരിക്കുന്നത്. അദ്ദേഹത്തിന്‍റെ കുടുംബത്തെയും പാർട്ടി പ്രവർത്തകരെയും ഒന്നടങ്കം വേദനിപ്പിക്കുന്ന വാർത്തയാണിതെന്നും വി.ഡി സതീശന്‍ പറഞ്ഞു.