ലോകായുക്ത; സിപിഐയെ ബോധ്യപ്പെടുത്തിയിട്ട് മതി പ്രതിപക്ഷത്തെ പഠിപ്പിക്കുന്നത്: വി.ഡി സതീശന്‍

Jaihind Webdesk
Thursday, February 10, 2022

 

തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ഓർഡിനന്‍സ് സംബന്ധിച്ച് സിപിഐയെ ബോധ്യപ്പെടുത്തിയിട്ട് മതി പ്രതിപക്ഷത്തെ പഠിപ്പിക്കാന്‍ വരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഒരു കോടതിയും ഇതുവരെ നിയമവിരുദ്ധമാണെന്ന് പറയാത്ത നിയമമാണ് 22 വര്‍ഷത്തിന് ശേഷം സര്‍ക്കാര്‍ നിയമ വിരുദ്ധമാണെന്ന് പറഞ്ഞത്. മുഖ്യമന്തിക്കെതിരായ കേസ് പരിഗണനയില്‍ വന്നപ്പോഴാണ് ലോകായുക്ത നിയമം നിയമ വിരുദ്ധമായതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

വളഞ്ഞ വഴിയിലൂടെയുള്ള സര്‍ക്കാര്‍ നീക്കത്തിന് ഗവര്‍ണറും കൂട്ടുനില്‍ക്കുകയാണ് ചെയ്തത്. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടും വരെ നിയമസഭ ചേരുന്നതിനുള്ള തീയതി നിശ്ചയിക്കാതെ സര്‍ക്കാര്‍ ഒളിച്ചു കളിച്ചു. ഗവര്‍ണറും മുഖ്യമന്ത്രിയും ചേര്‍ന്ന് നിയമസഭയെ അവഹേളിച്ചെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ലോകായുക്ത നിയമ ഭേദഗതിയെ കുറിച്ച് മുഖ്യമന്ത്രി ആദ്യം സിപിഐ നേതാക്കളെയാണ് ബോധ്യപ്പെടുത്തേണ്ടത്. കേരളത്തിലെ പ്രതിപക്ഷത്തിന്‍റെ നിലപാടാണ് ശരിയെന്ന് പരസ്യമായി പറഞ്ഞവരാണ് കാനം രാജേന്ദ്രന്‍ അടക്കമുള്ള സിപിഐ നേതാക്കള്‍. സിപിഐയെ ബോധ്യപ്പെടുത്തിയതിന് ശേഷം മുഖ്യമന്ത്രി പ്രതിപക്ഷത്തിനെ ബോധ്യപ്പെടുത്തിയാല്‍ മതിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.