അര്‍ജുനെ കണ്ടെത്താനുള്ള എല്ലാ മാര്‍ഗങ്ങളും തേടും, തിരച്ചില്‍ തുടരും: വീട് സന്ദർശിച്ച് വി.ഡി. സതീശന്‍

 

കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്‍റെ വീട് സന്ദർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ഇന്ന് പുനഃരാരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യം സ്ഥലം എംഎല്‍എയുമായി കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നുവെന്നും ആഭ്യന്തരമന്ത്രിയുമായി ബന്ധപ്പെട്ട് അര്‍ജുന്‍റെ ബന്ധുക്കളെ ഇന്ന് വിവരം അറിയിക്കാമെന്നാണ് എംഎല്‍എ അറിയിച്ചതെന്നും അദ്ദേഹം കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

ഷിരൂരില്‍ ആദ്യ അപകടത്തിന് ശേഷം രണ്ടാമത് ഒരു അപകടം കൂടി ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പുണ്ടായിരുന്നുവെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. അതുകൊണ്ട് തന്നെ രക്ഷാപ്രവര്‍ത്തകരെ പോലും ആ സ്ഥലത്തേക്ക് വിടാനാകാത്ത സാഹചര്യമായിരുന്നു. അര്‍ജുനെ കണ്ടെത്താനുള്ള എല്ലാ മാര്‍ഗങ്ങളും പരിശോധിക്കും. അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ശക്തിപ്പെടുത്തണമെന്ന കേരളത്തിന്‍റെ ഒറ്റക്കെട്ടായ ആവശ്യം അദ്ഭുതത്തോടെയാണ് കര്‍ണാടകം നോക്കിക്കാണുന്നതെന്നും സര്‍ക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അര്‍ജുനെ കണ്ടെത്തണമെന്ന വാശിയോടെ എംഎല്‍എ അപകടസ്ഥലത്ത് തന്നെ നില്‍ക്കുകയാണ്. അര്‍ജുനെ കണ്ടെത്താനുള്ള ശ്രമം ഇനിയുമുണ്ടാകുമെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേർത്തു.

Comments (0)
Add Comment