പുനര്‍ഗേഹം പദ്ധതി: വിചിത്ര നിര്‍ദേശങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനം ; സ്വാഗതാര്‍ഹമെന്ന്‌ പ്രതിപക്ഷ നേതാവ്

Jaihind Webdesk
Wednesday, September 15, 2021

 

തിരുവനന്തപുരം: മത്സ്യത്തൊഴിലാളുടെ പുനരധിവാസത്തിനായി പ്രഖ്യാപിച്ച ‘പുനര്‍ഗേഹം’ പദ്ധതിയിലെ  വിചിത്രമായ വ്യവസ്ഥകള്‍  ഒഴിവാക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നിയമസഭയില്‍ സബ്മിഷനിലൂടെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും അന്ന് തെറ്റ് സമ്മതിക്കാന്‍ ഫിഷറീസ് മന്ത്രി തയാറായിയില്ലെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ നല്‍കുന്ന പത്തു ലക്ഷത്തില്‍ ആറു ലക്ഷം സ്ഥലം വാങ്ങാനും നാലു ലക്ഷം വീട് വയ്ക്കാനുമാണ് അനുവദിച്ചിരുന്നത്. നിലവിലുള്ള പത്തോ പതിനഞ്ചോ സെന്റ് സ്ഥലവും വീടും ഉള്‍പ്പെടെയുള്ള ഉപേക്ഷിച്ചാല്‍ മാത്രമെ പദ്ധതി പ്രകാരമുള്ള രണ്ടോ മൂന്നോ സെന്റ് ലഭ്യമാകൂ. നേരത്തെയുണ്ടായിരുന്ന സ്ഥലം പൂര്‍ണമായും ഉപേക്ഷിക്കണമെന്ന വിചിത്ര ഉപാധിയായിരുന്നു സര്‍ക്കാരിന്റേത്. അവിടെ കെട്ടിടം ഉണ്ടെങ്കില്‍ അത് സ്വന്തം ചെലവില്‍ പൊളിച്ചുമാറ്റണമെന്നു മാത്രമല്ല മറ്റു നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തില്ലെന്ന് ഫിഷറീസ് വകുപ്പിന് എഴുതിക്കൊടുക്കുകയും വേണമായിരുന്നു. എന്നാലിപ്പോള്‍, മാറ്റിപ്പാര്‍പ്പിക്കുന്ന കുടുംബങ്ങള്‍ക്ക് നിലവിലെ ഭൂമിയില്‍ അവകാശം നിലനിര്‍ത്തുമെന്നും ഭൂമിയുടെ അളവ് പരിഗണിക്കാതെ ഉടമസ്ഥാവകാശം ഉറപ്പാക്കുമെന്നും തിരുത്താന്‍ സര്‍ക്കാര്‍ തയാറായിട്ടുണ്ട്.

പണം കൈപ്പറ്റി 12 മാസത്തിനകം വീട് പണി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ 18 ശതമാനം പലിശ നല്‍കണമെന്നതായിരുന്നു മറ്റൊരു വിചിത്രമായ വ്യവസ്ഥ. സര്‍ക്കാര്‍ എന്താ വട്ടിപലിശക്കാരന്റെ പണിയാണോ എടുക്കുന്നതെന്നും അന്ന് ഞാന്‍ നിയമസഭയില്‍ ചോദിച്ചിരുന്നു. ഇക്കാര്യത്തിലും ഇളവ് നല്‍കുമെന്നാണ് മന്ത്രി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

കടലോരത്ത് താമസിക്കുന്ന പാവങ്ങളെ പുനരധിവസിപ്പിക്കാനുള്ള ഒരു പദ്ധതിയാണ് വിചിത്രവും അശാസ്ത്രീയവുമായ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഇത്രയും കാലം വൈകിയത്. പദ്ധതിയിലെ പിഴവ് നിയമസഭയില്‍ ചൂണ്ടിക്കാട്ടിയിട്ടും തെറ്റ് തിരുത്തുമെന്നു പറയാന്‍ മന്ത്രിയുടെ ദുരഭിമാനം അന്ന് അനുവദിച്ചില്ല. പദ്ധതിയിലെ നിര്‍ദ്ദേശങ്ങളെല്ലാം വിചിത്രമായിരുന്നെന്നത് ഇപ്പോഴെങ്കിലും അംഗീകരിക്കുകയും തിരുത്താന്‍ തയാറാണെന്ന വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനത്തെയും സ്വാഗതം ചെയ്യുന്നു.- വി.ഡി സതീശന്‍ പറഞ്ഞു.