ബിജെപിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട, പ്രതിപക്ഷത്തിന് നിര്‍ദേശം നല്‍കാന്‍ വേണ്ടി വളര്‍ന്നിട്ടില്ല; മറുപടിയുമായി വി.ഡി സതീശന്‍

Jaihind Webdesk
Friday, June 4, 2021

തിരുവനന്തപുരം : കേരളത്തില്‍ എങ്ങനെ പ്രതിപക്ഷം പ്രവര്‍ത്തിക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍റെ  നിര്‍ദ്ദേശം വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പ്രവര്‍ത്തനത്തിന് ബിജെപി നേതാക്കളുടെ സര്‍ട്ടിഫിക്കറ്റും വേണ്ട. പ്രതിപക്ഷത്തിന് പ്രവര്‍ത്തിക്കാനുള്ള ഒരു മാര്‍ഗനിര്‍ദ്ദേശവും ഒരു ബിജെപി നേതാവും തരേണ്ട. അതിനുമാത്രം ബിജെപി കേരളത്തില്‍ വളര്‍ന്നിട്ടില്ല.

കുഴല്‍പ്പണക്കേസിലെയും കേരളത്തില്‍ അക്കൗണ്ട് തുറക്കാനാകാത്തതിന്റെയും ജാള്യത മറയ്ക്കാനാണ് വി. മുരളീധരന്‍ പ്രതിപക്ഷത്തെ ചോദ്യംചെയ്യുന്നത്. പല കേസുകളിലും കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ഏറ്റെടുത്ത് ഒരു സുപ്രഭാതത്തില്‍ അവസാനിപ്പിക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്. ഇത്തരത്തിലുള്ള അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തിന് കോണ്‍ഗ്രസിനെ കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ലക്ഷദ്വീപ് വിഷയത്തിലും കേന്ദ്രത്തിന്റെ വാക്‌സിന്‍ നയത്തിലും കോണ്‍ഗ്രസിനും യുഡിഎഫിനും കൃത്യമായ നിലപാടുണ്ട്. പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടാണ് ലക്ഷദ്വീപിലെ പ്രമേയം സഭ കൊണ്ടുവന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.