കോണ്‍ഗ്രസിനെയും യുഡിഎഫിനെയും തിരിച്ചുകൊണ്ടുവരും ; കാലം ആഗ്രഹിക്കുന്ന മാറ്റം പ്രവർത്തനത്തിലുണ്ടാകും : വി.ഡി സതീശന്‍

Jaihind Webdesk
Saturday, May 22, 2021

 

കൊച്ചി : കോണ്‍ഗ്രസിനെയും യുഡിഎഫിനെയും തിരിച്ചുകൊണ്ടുവരുമെന്ന്  പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. വെല്ലുവിളികളുണ്ടെന്ന തികഞ്ഞ ബോധ്യമുണ്ട്. ഇത് പുഷ്പകിരീടമല്ല, മുൾകിരീടമാണെന്നും തിരിച്ചറിവുണ്ട്. കാലം ആഗ്രഹിക്കുന്ന മാറ്റം പ്രവർത്തനത്തിലുണ്ടാവും.  മഹാമാരിയെ നേരിടാനുള്ള സർക്കാരിൻ്റെ പ്രവർത്തികൾക്ക് എല്ലാ പിന്തുണയും നല്‍കും. നല്ലതിനെ പിന്തുണയ്ക്കുമെന്നും തെറ്റുകളെ നിയമസഭയില്‍ ചൂണ്ടിക്കാണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രമേശ് ചെന്നിത്തല പാർട്ടി പ്രസിഡൻ്റായും പ്രതിപക്ഷ നേതാവായും മികച്ച പ്രവർത്തനം നടത്തി. പ്രവർത്തകർക്ക് ആത്മവിശ്വാസം പകർന്ന് യുഡിഎഫിൻ്റെ തിരിച്ചുവരവാണ് താൻ ലക്ഷ്യമിടുന്നത്. കേരളത്തിൽ വർഗീയതയെ സന്ധിയില്ലാതെ എതിർക്കുകയെന്നതാണ് യുഡിഎഫിൻ്റെ പ്രഥമ പരിഗണന. ന്യൂനപക്ഷ- ഭൂരിപക്ഷ വർഗീയതയെ ഒരേപോലെ എതിർക്കും. മതേതര കാഴ്ച്ചപ്പാടിൽ വീഴ്ച്ചയുണ്ടാവില്ല. കരുത്തുറ്റ രണ്ടാം നിര കോൺഗ്രസിൽ ഉണ്ടാവും. യുഡിഎഫിന്‍റെ  പരാജയം വിലയിരുത്തിയിട്ടില്ല. റിപ്പോർട്ടുകൾ വിശദമായി വിലയിരുത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.