‘സ്വന്തം വകുപ്പ് കയ്യിലുണ്ടോ, അതോ മറ്റാരുടെയെങ്കിലും കയ്യിലോ?’; ബാര്‍ കോഴയില്‍ പരിഹാസവുമായി പ്രതിപക്ഷ നേതാവ്

 

കോഴിക്കോട്:  മദ്യനയ കോഴ വിവാദത്തിൽ ​എക്സൈസ് മന്ത്രി എം.ബി. രാജേഷിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മന്ത്രി എം.ബി. രാജേഷിന്‍റെ വകുപ്പ് ഇപ്പോള്‍ കയ്യിലുണ്ടോയെന്നും അതോ മറ്റാരുടെയെങ്കിലും കയ്യിലാണോയെന്ന് പരിശോധിക്കണമെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പരിഹാസം. ടൂറിസം വകുപ്പ് എക്‌സൈസ് വകുപ്പിനെ ഹൈജാക്ക് ചെയ്തിട്ടും മന്ത്രിക്ക് ഒരു മറുപടിയും പറയാനില്ലെന്നും  അബ്കാരി നയ മാറ്റവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ വകുപ്പ് നടത്തിയ യോഗത്തിന്‍റെ വിവരങ്ങളും രേഖകളും പ്രതിപക്ഷം ഹാജരാക്കിയിട്ടും മന്ത്രി അതിനുനേരെ നിശബ്ദത പാലിക്കുകയാണെന്നും വി.ഡി.സതീശന്‍ കുറ്റപ്പെടുത്തി.

ടൂറിസം സെക്രട്ടറിയും ടൂറിസം ഡയറക്ടറുമാണ് ബാര്‍ ഉടമകളുടെ യോഗം വിളിച്ചത്. അബ്കാരി പോളിസി റിവ്യൂ ചെയ്യാന്‍ ടൂറിസം വകുപ്പിന് എന്ത് അധികാരമാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു. ടൂറിസം സെക്രട്ടറിക്ക് മദ്യനയത്തിൽ റോളില്ല. വിഷയത്തില്‍ വകുപ്പ് മന്ത്രി രാജേഷ് മറുപടി പറയണമെന്ന് സതീശൻ ആവശ്യപ്പെട്ടു.

എക്‌സൈസ് വകുപ്പിന്‍റെ അധികാരങ്ങള്‍ ടൂറിസം വകുപ്പ് കവര്‍ന്നെടുക്കുകയാണ്.  ഡ്രൈ ഡേ ഒഴിവാക്കുന്നതിലും ബാറുകളുടെ സമയം നീട്ടിക്കൊടുക്കാനും ആവേശത്തോടെ ഇറങ്ങിയത് ടൂറിസം വകുപ്പാണ്. മന്ത്രിമാരാണ് ആദ്യം നുണ പറഞ്ഞതെന്നും പിന്നീട് ഉദ്യോഗസ്ഥരെക്കൊണ്ടും നുണ പറയിച്ചുവെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. മന്ത്രിമാര്‍ ചെയ്യുന്ന ഈ നാടകങ്ങളെല്ലാം പുറത്തുവരുമെന്നും അദ്ദേഹം കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

 

Comments (0)
Add Comment