പ്ലസ് വണ്‍ ബാച്ചുകള്‍ വര്‍ധിപ്പിക്കണം ; എ പ്ലസ് കിട്ടയവര്‍ക്കു പോലും ഇഷ്ടപ്പെട്ട കോഴ്‌സുകള്‍ ലഭിക്കാത്ത സാഹചര്യം : വി.ഡി സതീശന്‍

Tuesday, August 3, 2021

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ ബാച്ചുകളുടെ എണ്ണം അടിയന്തരമായി വര്‍ധിപ്പിച്ച് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആകെ പ്ലസ് വണ്‍ സീറ്റുകളും ഉന്നതപഠനത്തിന് അര്‍ഹരായ വിദ്യാര്‍ഥികളുടെ എണ്ണവും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച കുട്ടികള്‍ക്കു പോലും ഇഷ്ടപ്പെട്ട കോഴ്‌സുകളില്‍ ചേരാനാകാത്ത സ്ഥിതിയാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്ക് പ്ലസ് വണ്‍ പ്രവേശനം നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് സൗകര്യം ഒരുക്കാത്തതു സംബന്ധിച്ച് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ നല്‍കിയ അടിയന്തിരപ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് നടത്തിയ വാക്കൗട്ടിന് മുന്നോടിയായി പ്രസംഗിക്കുകയായിരുന്നു വി.ഡി സതീശന്‍.

രക്ഷകര്‍ത്താക്കളുടെയും കുട്ടികളുടെയും ഉത്കണ്ഠയാണ് പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചത്. കഴിഞ്ഞ വര്‍ഷം പതിനായിരക്കണക്കിന് കുട്ടികള്‍ക്കാണ് ഇഷ്ടപ്പെട്ട കോഴ്‌സിനു ചേരാന്‍ കഴിയാതെ പോയത്. സംസ്ഥാനം ഒന്നാകെ പരിഗണിക്കാതെ ഓരോ ജില്ലകളിലെയും സ്ഥിതി സര്‍ക്കാര്‍ പരിശോധിക്കണം. നാലു ലക്ഷത്തില്‍ പത്തൊന്‍പതിനായിരത്തിലധികം കുട്ടികളാണ് ഇത്തവണ ഉന്നത പഠനത്തിന് അര്‍ഹത നേടിയത്. എന്നാല്‍ നിലവില്‍ മൂന്നു ലക്ഷത്തി അറുപത്തിയൊന്നായിരം സീറ്റുകളാണുള്ളത്.

ഇതില്‍ അണ്‍ എയിഡഡ് സ്‌കൂളുകളിലാണ് അന്‍പത്തി അയ്യായിരത്തോളം സീറ്റുകളുള്ളത്. ഒന്‍പതു ജില്ലകളില്‍ നിലവില്‍ പാസായ കുട്ടികളുടെ എണ്ണത്തേക്കാള്‍ കുറവാണ് പ്ലസ് വണ്‍ സീറ്റുകള്‍. ഇതില്‍ത്തന്നെ പാലക്കാട്, വയനാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഈ വ്യത്യാസം വളരെ വലുതാണ്. ഒരു ലക്ഷത്തി പന്ത്രണ്ടായിരം കുട്ടികള്‍ക്കാണ് ഫുള്‍ എ പ്ലസ് കിട്ടിയത്. അവര്‍ക്ക് പോലും ഇഷ്ടപ്പെട്ട കേഴ്‌സ് ലഭിക്കാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിദ്യാര്‍ഥികള്‍ കൂടി പ്രവേശനത്തിന് എത്തുമ്പോള്‍ സ്ഥിതി ഗുരുതരമാകും.