ട്രാന്‍സ്ഗ്രിഡ് അഴിമതി: വൈദ്യുതിബോർഡ് ചെയർമാനെതിരെ അവകാശലംഘനത്തിന് വി.ഡി സതീശന്‍ എം.എല്‍.എ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കി

Jaihind Webdesk
Sunday, September 22, 2019

വൈദ്യുതി ബോർഡിലെ ട്രാന്‍സ്ഗ്രിഡ് പദ്ധതിയിലെ അഴിമതി ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച കാര്യങ്ങള്‍ക്ക് സർക്കാര്‍ തലത്തില്‍ മറുപടി പറയാതെ ഉദ്യോഗസ്ഥതലത്തില്‍ മറുപടി പറഞ്ഞത് അവകാശലംഘനമെന്ന് വി.ഡി സതീശന്‍ എം.എല്‍.എ. ഇക്കാര്യം ചൂണ്ടിക്കാട്ടി വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ് പിള്ളക്കെതിരെ അവകാശലംഘന പ്രശ്നം ഉന്നയിച്ച് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കി.

പ്രതിപക്ഷനേതാവ് വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ച കാര്യങ്ങള്‍ക്ക് മറുപടി പറയേണ്ടത് മുഖ്യമന്ത്രിയോ ബന്ധപ്പെട്ട വകുപ്പ് മന്ത്രിയോ ആണെന്നിരിക്കെ ഉദ്യോഗസ്ഥ തലത്തില്‍ മറുപടി നല്‍കിയത് പ്രതിപക്ഷനേതാവ് എന്ന പദവിയോടുള്ള അവഹേളനമാണ്. സഭയ്ക്കും പ്രതിപക്ഷനേതാവിനുമുള്ള പ്രത്യേക അവകാശങ്ങളുടെ ലംഘനമാണിതെന്നും വി.ഡി സതീശന്‍ എം.എല്‍.എ ചൂണ്ടിക്കാട്ടി. നിരുത്തരവാദപരമായ പ്രസ്താവന നടത്തിയ കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ്.പിള്ളക്കെതിരെ അവകാശ ലംഘനത്തിന്  അടിയന്തര  നടപടി സ്വീകരിക്കണമെന്നും  വി.ഡി സതീശന്‍ എം.എല്‍.എ ആവശ്യപ്പെട്ടു.

വി.ഡി സതീശന്‍ എം.എല്‍.എ സ്പീക്കർക്ക് നല്‍കിയ നോട്ടീസിന്‍റെ പൂര്‍ണ രൂപം:

ബഹുമാനപ്പെട്ട സ്പീക്കര്‍,

നിയമസഭാ നടപടിക്രമവും കാര്യനിര്‍വ്വഹണം സംബന്ധിച്ച ചട്ടങ്ങളിലെ 154 -ാം ചട്ടപ്രകാരം വൈദ്യുതി ബോര്‍ഡ് ലിമിറ്റഡ് ചെയര്‍മാന്‍ ശ്രീ. എന്‍.എസ്.പിള്ളയ്‌ക്കെതിരെ ഞാന്‍ ഇതിനാല്‍ അവകാശലംഘനപ്രശ്‌നം ഉന്നയിച്ചുകൊണ്ടുള്ള നോട്ടീസ് നല്‍കുന്നു.

പ്രതിപക്ഷനേതാവ് ശ്രീ.രമേശ് ചെന്നിത്തല സെപ്തംബര്‍ 20, 21  തീയതികളില്‍ നടത്തിയ പത്രസമ്മേളനത്തില്‍ വൈദ്യുതി ബോര്‍ഡിലെ ട്രാന്‍സ്ഗ്രിഡ് പദ്ധതിയിലെ അഴിമതി സംബന്ധിച്ച് ആരോപണം ഉന്നയിച്ചിരുന്നു. സാധാരണ ഗതിയില്‍  ഗവണ്‍മെന്റിനെ സംബന്ധിച്ചോ ഡിപ്പാര്‍ട്ട്‌മെന്റിനെ സംബന്ധിച്ചോ പ്രതിപക്ഷനേതാവ് നടത്തുന്ന പരാമര്‍ശങ്ങള്‍ക്കും അഴിമതി ആരോപണങ്ങള്‍ക്കും ഉദ്യോഗസ്ഥതലത്തില്‍ മറുപടി പറയായില്ല.
മുഖ്യമന്ത്രിയോ ബന്ധപ്പെട്ട വകുപ്പ് മന്ത്രിയോ ആണ് അത്തരം ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാറുള്ളത്. ക്യാബിനറ്റ് റാങ്കുള്ള പ്രതിപക്ഷനേതാവ് വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തില്‍ ഉത്തരവാദത്തോടെ നടത്തിയ പത്രസമ്മേളനത്തിനു ഉദ്യോഗതലത്തില്‍ നല്കിയ മറുപടി അവകാശലംഘനമാണ്.  
ബ്രൂവറി, ഡിസ്റ്റലറി അനുവദിക്കുന്നതിലെ ക്രമക്കേട് സംബന്ധിച്ച് പ്രതിപക്ഷനേതാവിന്റെ പത്രസമ്മേളനത്തിന് വകുപ്പ് സെക്രട്ടറി പത്രക്കുറിപ്പ് നല്‍കിയതിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയപ്പോള്‍ വകുപ്പ് സെക്രട്ടറിയുടെ വിശദീകരണം ആരായുകയും അവര്‍ വിശദീകരണം നല്‍കുകയും ചെയ്തകാര്യം അങ്ങയുടെ ശ്രദ്ധയില്‍പ്പെടുത്തുകയാണ്.

ഇത്തരം നിരുത്തരവാദപരമായ പ്രസ്താവന നടത്തിയ കെ.എസ്.ഇ.ബി. ബോര്‍ഡ് ചെയര്‍മാന്റെ നടപടി പ്രതിപക്ഷനേതാവ് എന്ന പദവിയെ അധിക്ഷേപിക്കുന്നതിനും അദ്ദേഹത്തെ സമൂഹമധ്യത്തില്‍ അവഹേളനപാത്രമാക്കുന്നതിനും ഉദ്ദേശിച്ചുള്ളതാണ്. ഇത്തരം പ്രസ്താവന നടത്തുന്നതിലൂടെ പ്രതിപക്ഷനേതാവ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ അധികാര അവകാശങ്ങളെ നിഷേധിക്കുന്നതിനുള്ള ഗൂഡശ്രമമാണ് ചെയര്‍മാന്റെയും ബോര്‍ഡിന്റെയും ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. ഇത് സഭയെയും  അതിലൂടെ പ്രതിപക്ഷനേതാവിനെയും അവഹേളിക്കുന്നതിന് ഇടയാക്കിയിട്ടുള്ള ഒന്നാണ്. സഭയ്ക്കും പ്രതിപക്ഷനേതാവിനുമുള്ള പ്രത്യേക അവകാശങ്ങളുടെ ലംഘനമാണ് ഇക്കാര്യത്തിലുണ്ടായിട്ടുള്ളത്. ഈ സാഹചര്യത്തില്‍ കെ.എസ്.ഇ.ബി. ചെയര്‍മാന്‍ ശ്രീ. എന്‍.എസ്.പിള്ളയ്‌ക്കെതിരെ അവകാശ ലംഘനത്തിന്  അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.