പിണറായി ഉണക്കച്ചങ്കന്‍, കേസെടുത്ത് പേടിപ്പിക്കാന്‍ നോക്കേണ്ട; അടിച്ചാല്‍ തിരിച്ചടിക്കുക തന്നെ ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ്

 

കോഴിക്കോട്: സംസ്ഥാനത്തിന്‍റെ ഖജനാവ് താഴിട്ട് പൂട്ടിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ആർഭാട സദസ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രതിപക്ഷ നേതാവിനെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പേടിപ്പിക്കാനൊന്നും മുഖ്യമന്ത്രി നോക്കേണ്ടെന്നും ജയിലിൽ പോകാനും പേടിയില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു. യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി കോഴിക്കോട് പേരാമ്പ്രയിൽ സംഘടിപ്പിച്ച കുറ്റവിചാരണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇല്ലാത്ത കേസിൽ കുട്ടികളെ ജയിലിലാക്കിയാൽ അവർക്കൊപ്പം താനും ഉണ്ടാകും. കേരളത്തെ തകർത്ത് തരിപ്പണമാക്കിയ കൊള്ളക്കാരെ താഴെയിറക്കാൻ എല്ലാവരും രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. മഹാരാജാവ് എഴുന്നള്ളുന്നതുപോലെ നടക്കുന്ന മുഖ്യമന്ത്രിക്ക് കറുപ്പിനെ പേടിയാണ്. പിണറായി വിജയൻ ഇരട്ടച്ചങ്കനല്ല, ഉണക്കച്ചങ്കനാണെന്നും അദ്ദേഹം പരിഹസിച്ചു. കെഎസ്‌യുക്കാരേയും യൂത്ത് കോൺഗ്രസുകാരേയും അടിച്ചാൽ ആരും ചോദിക്കില്ലെന്നാണ് ധാരണയെങ്കിൽ ആ ധാരണ തെറ്റാണെന്ന് സിപിഎമ്മും പിണറായിയും മനസിലാക്കണം. അടിച്ചാൽ തിരിച്ചടിക്കുക തന്നെ ചെയ്യുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

രാജ്യത്ത് ആദ്യമായിട്ടാണ് ഒരു പ്രതിപക്ഷം സർക്കാരിനെതിരെ കുറ്റപത്രം സമർപ്പിക്കുന്നതെന്നും ജനങ്ങളുടെ കോടതിയിൽ സർക്കാറിനെ വിചാരണ ചെയ്തു കഴിഞ്ഞുവെന്നും ഇനി ഒരു തീരുമാനം എടുക്കേണ്ടത് ജനങ്ങളാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ ടി.കെ. ഇബ്രാഹിം അധ്യക്ഷനായ ചടങ്ങിൽ മുസ്‌ലിം ലീഗ് നേതാവ് കെ.എൻ.എ. ഖാദർ മുഖ്യപ്രഭാഷണം നടത്തി. ഡിസിസി പ്രസിഡന്‍റ് കെ. പ്രവീൺകുമാർ, കെപിസിസി ജനറൽ സെക്രട്ടറി പി.എം. നിയാസ്, യുഡിഎഫ് ജില്ലാ ചെയർമാൻ കെ. ബാലനാരായണൻ തുടങ്ങിയവർ വിചാരണ സദസിൽ പങ്കെടുത്തു.

Comments (0)
Add Comment