കെ.എം റോയിയുടെ നിര്യാണം ഇന്ത്യൻ മാധ്യമരംഗത്തിന് വലിയ നഷ്ടം ; അനുശോചിച്ച് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Saturday, September 18, 2021

തിരുവനന്തപുരം : മുതിർന്ന മാധ്യമപ്രവർത്തകൻ കെ.എം. റോയിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇംഗ്ലീഷ്, മലയാളം പത്രപ്രവർത്തനത്തിൽ ഒരു പോലെ തിളങ്ങിയ കെ.എം റോയിയുടെ നിര്യാണം ഇന്ത്യൻ മാധ്യമരംഗത്തിന് വലിയ നഷ്ടമാണെന്ന് അദ്ദേഹം പത്രക്കുറിപ്പില്‍ പറഞ്ഞു.

അരനൂറ്റാണ്ടിലേറെ പത്രപ്രവർത്തനരംഗത്തെ നിറസാന്നിധ്യമായിരുന്ന കെ എം റോയിയുമായി കോളേജ് വിദ്യാഭ്യാസ കാലം മുതൽക്കേ വ്യക്തിബന്ധം ഉണ്ടായിരുന്നു. മലയാളത്തിൽ ഏറ്റവും കാലം നീണ്ടുനിന്ന പംക്തിയും കെ.എം റോയിയുടേതാണ്. ഹൃദയത്തിൽ നിന്നുള്ള എഴുത്തുമായി ഇരുളും വെളിച്ചവുമെന്ന ആ പംക്തി മൂന്ന് പതിറ്റാണ്ടോളം നിരാലംബർക്ക് സാന്ത്വനമായിരുന്നു.

മത്തായി മാഞ്ഞൂരാന്‍റെ ശിഷ്യനായിരുന്ന കെ.എം റോയി കേരള രാഷ്ട്രീയത്തിൽ തിളങ്ങി നിൽക്കുമെന്ന് എം.കെ സാനു അടക്കമുള്ള അധ്യാപകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അദ്ദേഹം പത്രപ്രവർത്തനത്തിൽ സജീവമാക്കുകയായിരുന്നു. രാഷ്ട്രീയ ബോധവും രാഷ്ട്രീയ നേതൃത്വവുമായുള്ള അടുത്ത ബന്ധവും കെ.എം റോയിയുടെ പത്രപ്രവർത്തനത്തെ മികവുറ്റതാക്കി. പക്ഷപാതിത്വമില്ലാത്ത നിർഭയമായ എഴുത്തിലൂടെയാണ് കെ.എം റോയി മാധ്യമ ചരിത്രത്തിൽ ഇടം നേടിയത്. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു- പ്രതിപക്ഷ നേതാവ് പറഞ്ഞു.