‘നെഹ്റുവിനെ തൂക്കുന്ന ത്രാസിൽ ഗോൾവാള്‍ക്കറിനെ കയറ്റിയിരുത്തേണ്ട’ ; വി.മുരളീധരന് വി.ഡി സതീശന്‍റെ മറുപടി

Jaihind News Bureau
Monday, December 7, 2020

 

തിരുവനന്തപുരം: ഗോള്‍വാള്‍ക്കര്‍ വിഷയത്തില്‍ കേന്ദ്രമന്ത്രി വി.മുരളീധരന്റെ പ്രസ്താവനയ്ക്ക് വി.ഡി സതീശന്‍ എംഎല്‍എയുടെ മറുപടി. തന്‍റെ സ്ഥാനത്തിന് യോജിച്ചതല്ല മുരളീധരന്‍റെ  പ്രതികരണം. നെഹ്റുവിനെ തൂക്കുന്ന ത്രാസിൽ ഗോൾവാള്‍ക്കറിനെ കയറ്റിയിരുത്തേണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ആയിരം വർഷം കഴിഞ്ഞാലും, എത്ര ചരിത്രം മാറ്റിയെഴുതാൻ ശ്രമിച്ചാലും അതിന്  കഴിയില്ലെന്നും അദ്ദേഹം കുറിച്ചു. വി.മുരളീധരനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. ഗോള്‍വാള്‍ക്കറുടെ പേര് കേരളം അംഗീകരിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

” നെഹ്റു വള്ളം തുഴഞ്ഞിട്ടാണോ നെഹ്റു ട്രോഫിക്ക് ആ പേര് നൽകിയത് “… കേന്ദ്രമന്ത്രി വി.മുരളീധരൻ.
അദ്ദേഹം ഇരിക്കുന്ന സ്ഥാനത്തിന് യോജിച്ചതല്ല, ഇത്തരം വർത്തമാനം. ജലോത്സവം കാണാനെത്തിയ പ്രധാനമന്ത്രി ചുണ്ടൻ വള്ളത്തിൽ ചാടിക്കയറി ആവേശം വാരിവിതച്ചത് ഇന്നും വള്ളംകളി പ്രേമികൾക്ക് ആവേശമാണ്. അതോടെ ആ ജലോത്സവത്തിന്റെ പ്രാധാന്യം നൂറിരട്ടിയായി വർദ്ധിക്കുകയും ചെയ്തു. ഡൽഹിയിൽ ചെന്ന് അദ്ദേഹം അയച്ചു കൊടുത്ത ട്രോഫി യാണ് കുറെ നാൾ പ്രൈംമിനിസ്റ്റേഴ്സ് ട്രോഫി എന്ന് അറിയപ്പെട്ടത്. അദ്ദേഹത്തിന്റെ മരണശേഷം അത് നെഹ്റു ട്രോഫി യായി.നെഹ്റു ട്രോഫി എന്ന് പേരിട്ടത് നെഹ്റുവോ, കേന്ദ്ര-സംസ്ഥാനസർക്കാരുകളോ അല്ല. ഇത്തരം കാര്യങ്ങൾ പറയുമ്പോൾ ഒന്ന് അന്വേഷിക്കുന്നത് നല്ലതായിരിക്കും. പിന്നെ, നെഹ്റുവിനെ തൂക്കുന്ന ത്രാസിൽ ഗോൾവാർക്കറിനെ കയറ്റിയിരുത്തണ്ട. ആയിരം വർഷം കഴിഞ്ഞാലും, എത്ര ചരിത്രം മാറ്റിയെഴുതാൻ ശ്രമിച്ചാലും അതിന് നിങ്ങൾക്ക് കഴിയില്ല.