‘അമ്മമാര്‍ എവിടെയാണ് ഇനി കുഞ്ഞുങ്ങളെ ഒളിപ്പിച്ചുവയ്ക്കേണ്ടത്?’ ഹൃദയംതൊടുന്ന കുറിപ്പുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: പിഞ്ചുകുഞ്ഞുങ്ങള്‍ക്കെതിരായ ക്രൂരതകള്‍ക്കെതിരെ ഹൃദയംതൊടുന്ന കുറിപ്പുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നമ്മുടെ അമ്മമാര്‍ എവിടെയാണ് ഇനി കുഞ്ഞുങ്ങളെ ഒളിപ്പിച്ചുവയ്‌ക്കേണ്ടതെന്ന് അദ്ദേഹം ചോദിക്കുന്നു. വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറുവയസുകാരിയുടെ വീട് സന്ദര്‍ശിച്ചതിനു ശേഷമായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.

‘ചിലയിടങ്ങളില്‍ പോകുമ്പോള്‍, ചില സംഭവങ്ങള്‍ അറിയുമ്പോള്‍, ചില മനുഷ്യരോട് സംസാരിക്കുമ്പോള്‍ നമ്മള്‍ ചെന്നുപെടുന്നൊരു ചുഴിയുണ്ട് – രോഷം, സങ്കടം, നിസ്സഹായത എല്ലാം ചേര്‍ന്നൊരവസ്ഥ. ഇന്നലെ വൈകുന്നേരം വലിയ ഒരു മഴ പെയ്യാനായി ആകാശം ഇരുണ്ടു മൂടി തുടങ്ങുമ്പോൾ നടന്നുചെന്ന വണ്ടിപ്പെരിയാറിലെ ഒറ്റമുറി ലയത്തിലെ ആ ഇരുട്ടില്‍ ഞാന്‍ കണ്ട മനുഷ്യര്‍ ഉള്ളില്‍ നിറയ്ക്കുന്നത് അതേപോലൊരു ചുഴിയാണ്. ശബ്ദമില്ലാതെ ചുണ്ടുവിറച്ചുള്ള ഒരു കുഞ്ഞിക്കരച്ചില്‍…എത്ര പേടിച്ചിരിക്കും, വേദനിച്ചിരിക്കും, നൊന്തുമുറിഞ്ഞിരിക്കും, ആറു വയസ്സുമാത്രം പ്രായമുള്ള ആ കുഞ്ഞ്…

പൊതുപ്രവര്‍ത്തകനെന്ന നിലയില്‍, വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ അസാധാരണമല്ല. എത്രയോ പാവപ്പെട്ട മനുഷ്യരുടെ കണ്ണീരും വിങ്ങലും സങ്കടവും എത്രയോ വട്ടം കാണേണ്ടി വരുന്നു. അതിനു മുന്നില്‍ സങ്കടത്തോടെ നിന്നുപോയിരിക്കുന്നു. എന്നാല്‍, അതുപോലൊന്നുമായിരുന്നില്ല, വണ്ടിപ്പെരിയാറിലെ തേയിലത്തോട്ടങ്ങള്‍ക്ക് അരികെയുള്ള ചെറിയ ഒറ്റയടിപ്പാതയിലൂടെ, മഴപെയ്ത് ചെളിയായി മാറിയ മണ്ണിലൂടെയുള്ള യാത്ര. ഒരു കയറ്റവും ഇറക്കവും കഴിഞ്ഞ് ചെളി വിഴുങ്ങിയ ആ വഴി ചെന്നെത്തുന്നത്, ഏതോ കാലത്ത് ആരോ പണിഞ്ഞിട്ടു പോയ ഒരു ലയത്തിലായിരുന്നു. ആ വഴി കണ്ടാലറിയാം അവിടെയുള്ള മനുഷ്യര്‍ ജീവിക്കുന്ന ജീവിതം. ഇളം പച്ച പെയിന്റടിച്ച, എല്ലാറ്റിനും കൂടെ ഒരൊറ്റ മുറി മാത്രമുള്ള ആ ലയത്തിലൊന്ന് ചെന്നാലറിയാം, തേയില നുള്ളി ജീവിതം മുന്നോട്ടുനീക്കുന്ന മനുഷ്യരുടെ അവസ്ഥ.
എത്രയോ കാലം കാത്തുകാത്ത് അവര്‍ക്കു കിട്ടിയ കുഞ്ഞുമോളാണ്. അതിരാവിലെ പണിക്കുപോവുമ്പോള്‍, വീട്ടില്‍ അവളെ നിര്‍ത്തുകയല്ലാതെ മറ്റൊരു ഗതിയുമില്ലായിരുന്നു അച്ഛനുമമ്മയ്ക്കും. തൊട്ടടുത്തുള്ള ലയങ്ങളില്‍ ഒരു വീടുപോലെ കഴിയുന്ന മനുഷ്യരെ ഭയക്കേണ്ടതുണ്ടെന്ന തോന്നൽ പോലും അവര്‍ക്കുണ്ടായിരിക്കില്ല. എന്തു പറയാനാണ് ആ അമ്മയോടും അഛനോടും? എവിടെയാണ് അമ്മമാര്‍ കുഞ്ഞുങ്ങളെ ഇനി ഒളിപ്പിച്ചു വെക്കേണ്ടത്?-  വി.ഡി സതീശന്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

നമ്മുടെ അമ്മമാര്‍ എവിടെയാണിനി
കുഞ്ഞുങ്ങളെ ഒളിപ്പിച്ചു വെക്കേണ്ടത്?
ചിലയിടങ്ങളില്‍ പോകുമ്പോള്‍, ചില സംഭവങ്ങള്‍ അറിയുമ്പോള്‍, ചില മനുഷ്യരോട് സംസാരിക്കുമ്പോള്‍ നമ്മള്‍ ചെന്നുപെടുന്നൊരു ചുഴിയുണ്ട് – രോഷം, സങ്കടം, നിസ്സഹായത എല്ലാം ചേര്‍ന്നൊരവസ്ഥ. ഇന്നലെ വൈകുന്നേരം വലിയ ഒരു മഴ പെയ്യാനായി ആകാശം ഇരുണ്ടു മൂടി തുടങ്ങുമ്പോൾ നടന്നുചെന്ന വണ്ടിപ്പെരിയാറിലെ ഒറ്റമുറി ലയത്തിലെ ആ ഇരുട്ടില്‍ ഞാന്‍ കണ്ട മനുഷ്യര്‍ ഉള്ളില്‍ നിറയ്ക്കുന്നത് അതേപോലൊരു ചുഴിയാണ്. ശബ്ദമില്ലാതെ ചുണ്ടുവിറച്ചുള്ള ഒരു കുഞ്ഞിക്കരച്ചില്‍…എത്ര പേടിച്ചിരിക്കും, വേദനിച്ചിരിക്കും, നൊന്തുമുറിഞ്ഞിരിക്കും, ആറു വയസ്സുമാത്രം പ്രായമുള്ള ആ കുഞ്ഞ്…

പൊതുപ്രവര്‍ത്തകനെന്ന നിലയില്‍, വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ അസാധാരണമല്ല. എത്രയോ പാവപ്പെട്ട മനുഷ്യരുടെ കണ്ണീരും വിങ്ങലും സങ്കടവും എത്രയോ വട്ടം കാണേണ്ടി വരുന്നു. അതിനു മുന്നില്‍ സങ്കടത്തോടെ നിന്നുപോയിരിക്കുന്നു. എന്നാല്‍, അതുപോലൊന്നുമായിരുന്നില്ല, വണ്ടിപ്പെരിയാറിലെ തേയിലത്തോട്ടങ്ങള്‍ക്ക് അരികെയുള്ള ചെറിയ ഒറ്റയടിപ്പാതയിലൂടെ, മഴപെയ്ത് ചെളിയായി മാറിയ മണ്ണിലൂടെയുള്ള യാത്ര. ഒരു കയറ്റവും ഇറക്കവും കഴിഞ്ഞ് ചെളി വിഴുങ്ങിയ ആ വഴി ചെന്നെത്തുന്നത്, ഏതോ കാലത്ത് ആരോ പണിഞ്ഞിട്ടു പോയ ഒരു ലയത്തിലായിരുന്നു. ആ വഴി കണ്ടാലറിയാം അവിടെയുള്ള മനുഷ്യര്‍ ജീവിക്കുന്ന ജീവിതം. ഇളം പച്ച പെയിന്റടിച്ച, എല്ലാറ്റിനും കൂടെ ഒരൊറ്റ മുറി മാത്രമുള്ള ആ ലയത്തിലൊന്ന് ചെന്നാലറിയാം, തേയില നുള്ളി ജീവിതം മുന്നോട്ടുനീക്കുന്ന മനുഷ്യരുടെ അവസ്ഥ.
എത്രയോ കാലം കാത്തുകാത്ത് അവര്‍ക്കു കിട്ടിയ കുഞ്ഞുമോളാണ്. അതിരാവിലെ പണിക്കുപോവുമ്പോള്‍, വീട്ടില്‍ അവളെ നിര്‍ത്തുകയല്ലാതെ മറ്റൊരു ഗതിയുമില്ലായിരുന്നു അച്ഛനുമമ്മയ്ക്കും. തൊട്ടടുത്തുള്ള ലയങ്ങളില്‍ ഒരു വീടുപോലെ കഴിയുന്ന മനുഷ്യരെ ഭയക്കേണ്ടതുണ്ടെന്ന തോന്നൽ പോലും അവര്‍ക്കുണ്ടായിരിക്കില്ല.

എന്തു പറയാനാണ് ആ അമ്മയോടും അഛനോടും? എവിടെയാണ് അമ്മമാര്‍ കുഞ്ഞുങ്ങളെ ഇനി ഒളിപ്പിച്ചു വെക്കേണ്ടത്?
ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പകലന്തിയോളം പണിയെടുത്ത്, കുഞ്ഞുങ്ങളെ പോറ്റി വളര്‍ത്താന്‍ ചോരനീരാക്കുന്ന രണ്ടു പേര്‍. ഉന്നാവിലെ അച്‌നമ്മമാരെപ്പോലെ, നിര്‍ഭയയുടെ മാതാപിതാക്കളെപ്പോലെ, ഹാത്രസില്‍, ബാന്ദി പോരയില്‍…അങ്ങനെയങ്ങനെ നാം കണ്ട, എല്ലാ വാക്കുകളും തൊണ്ടയില്‍ ഉരുകിപ്പോയ രണ്ടു മനുഷ്യര്‍. സന്തോഷം അധികമൊന്നും അറിയാന്‍ ഭാഗ്യം കിട്ടിയിട്ടില്ലാത്ത, ഏറ്റവും പാവപ്പെട്ട, ഇവരെത്തേടി തന്നെയാണ് ഇതുപോലുള്ള ദുരിതങ്ങളും തുടര്‍ച്ചയായി വന്നുപെടുന്നത്.
ഇങ്ങനെയെത്രയെത്ര വീടുകള്‍…

ആറ്റുനോറ്റുകിട്ടിയ പൊന്നുമക്കളുടെ കണ്ണീരും ചോരയും വീണ വീടകങ്ങള്‍. അതു പോലെയൊന്നിതാ വണ്ടിപ്പെരിയാറിലും. വാളയാറില്‍ നിന്ന് ഇവിടേക്ക് വലിയ ദൂരമൊന്നുമില്ലെന്ന് തോന്നിപ്പോയി. മുഖമില്ലാത്തവര്‍, ഓരങ്ങളില്‍ പെട്ടു പോയവര്‍, ദയനീയ സാഹചര്യങ്ങളില്‍ ജീവിക്കുന്നവര്‍, കെട്ടുറപ്പില്ലാത്ത വീടുകളില്‍ ഭയന്നുറങ്ങുന്നവര്‍, അടുപ്പിലെന്നും പട്ടിണി മാത്രം പുകയുന്നവര്‍. അപകടകരമായ ഒരു മിശ്രിതമാണ് ഇല്ലായ്മകളുടെ ഈ വീടുകളിലെ ജീവിതം. എല്ലാവരും അരക്ഷിതരാകുന്ന ഈ ചുറ്റുപാടുകളില്‍, ഏറ്റവും അരക്ഷിതാവസ്ഥയില്‍ കഴിയുന്നത് പെണ്‍മക്കളാണ്.
വല്ലാത്ത സങ്കടങ്ങള്‍ വന്നു മൂടുമ്പോള്‍ നമ്മുടെ മനസ്സുകള്‍ ഇങ്ങനെ പലതും പറയും, ഓര്‍മ്മിപ്പിക്കും. താങ്ങാന്‍ പറ്റാത്തതിന്റെ മുന്നില്‍ പകച്ചു പോകുമ്പോള്‍, മറ്റുള്ളവരുടെ മുന്നില്‍ കരയാതെ പിടിച്ചു നില്‍ക്കാന്‍ നമ്മള്‍ കണ്ടെത്തുന്ന വഴികളിലൊന്നാണ്, ഈ പറച്ചില്‍.

എങ്കിലും പിന്നെയും പിന്നെയും ഒറ്റയൊരു ചോദ്യം ബാക്കിയാവുകയാണ്: എന്തിനാണ് ആ അത്രയും ചെറിയ കുഞ്ഞിനെ ഇങ്ങനെ നിരന്തരം പീഡിപ്പിച്ച് കൊന്നത്? അരുതാത്ത സ്പര്‍ശം എന്തെന്നോ, വെറി പൂണ്ട നോട്ടം എന്തെന്നോ, മനുഷ്യരുടെ ക്രൂരത എങ്ങനെയെന്നോ മനസ്സിലാക്കാനാവാത്ത പ്രായത്തില്‍, ഒന്നുമറിയാത്ത നിഷ്‌കളങ്കമായ മനസ്സുള്ള, ഒരു പാവം കുഞ്ഞിനെ ഇങ്ങനെ കശക്കിയെറിയാൻ, ഇല്ലാതെയാക്കാൻ എങ്ങനെയാണ് മനസ്സുവരുന്നത്?
ചിലയിനം ക്രൂരത, ക്രിമിനല്‍ മനസ്സ് – അത് മനസ്സിലാക്കാനാവില്ല.
‘നരകം ഒഴിഞ്ഞുകിടക്കുന്നു, ചെകുത്താന്‍മാരെല്ലാം ഇവിടെയാണ്’. ഏറെക്കാലത്തിന് ശേഷം ഷേക്‌സ്പിയറിന്റെ ഈ വരി ഓര്‍ത്തു പോയി, വണ്ടിപ്പെരിയാറിലെ ആ ഒറ്റ മുറി വീട്ടിലെ കട്ടപിടിച്ച സങ്കടം കണ്ട് പുറത്തിറങ്ങുന്നേരം. ഇപ്പോള്‍ മനസ്സില്‍ തികട്ടിവരുന്നത്, ആ അച്ഛന്റെയും അമ്മയുടെയും കണ്ണുകളില്‍ വിളറിനില്‍ക്കുന്ന ആ ചോദ്യമാണ്- എന്താണ് നിങ്ങളീ പറയുന്ന നീതി?

പേടിച്ചരണ്ടും സഹായിക്കാനാരുമില്ലാത്ത ഭീതിയിലേക്ക് മറിഞ്ഞുവീണും ഒച്ചയടക്കിയും ശ്വാസം മുട്ടിയും തീര്‍ന്ന് പോയ ആ കുഞ്ഞു മോള്‍ക്ക് ഇനി നല്‍കാവുന്ന ഒറ്റ നീതിയേ ഉള്ളൂ: അവളെ ഇത്രയും പീഡിപ്പിച്ച് കൊന്നു കെട്ടിത്തൂക്കിയവന് പരമാവധി ശിക്ഷ വാങ്ങി നല്‍കുക. കിട്ടാവുന്നതില്‍ ഏറ്റവും മെച്ചമായ, വേഗതയേറിയ നിയമസഹായം ആ കുടുംബത്തിന് നല്‍കുക. രാഷ്ട്രീവും സ്വജനതാല്‍പ്പര്യവും കടന്നുവന്ന് കുറ്റാന്വേഷണത്തെയും നീതി നിര്‍വഹണത്തെയും തടസപ്പെടുത്താതിരിക്കുക. മറ്റൊരു വാളയാര്‍ ഇനി ആവര്‍ത്തിക്കാതെ നോക്കുക. അതിന് നമ്മള്‍ അനുവദിക്കാതിരിക്കുക.
എന്നാല്‍, മാതൃകാപരമായ കോടതി നടപടികളിലൂടെ കുറ്റവാളിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്നതില്‍ ഒതുങ്ങുന്നില്ല, നമ്മുടെ ഉത്തരവാദിത്തം. നമ്മുടെ കുഞ്ഞുങ്ങള്‍ക്കു മേല്‍ സുരക്ഷയുടെ ഒരധികവലയം കൂടി തീര്‍ത്തേ മതിയാവൂ. അയല്‍ക്കൂട്ടങ്ങള്‍, കുടുബ ശ്രീ യൂണിറ്റുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍, അധ്യാപകര്‍, ആശാ വര്‍ക്കര്‍മാര്‍, ഡോക്ടര്‍മാര്‍ -ഇങ്ങനെ കുടുബങ്ങളുമായി നേരിട്ടിടപെടുന്നവരുടെ പ്രാദേശിക കൂട്ടായ്മകള്‍ കുഞ്ഞുങ്ങള്‍ക്ക് കവചമാകണം. സദാ ജാഗരൂകരായിരിക്കണം നമ്മള്‍. ആ ഇരുട്ടുമുറിയില്‍ അങ്ങേയറ്റം പേടിച്ചും വേദനിച്ചും പൊലിഞ്ഞ ആ ജീവന് പകരം മറ്റൊന്നും നല്‍കാന്‍ നമുക്കാവില്ല. പെണ്‍മക്കളുടെ ചോര വീഴാതെ, ജീവന്‍ പൊലിയാതെ നമ്മള്‍ നോക്കണം. അതിനായി നിരന്തര ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. മനുഷ്യരാണ് എന്നുറച്ചു വിശ്വസിക്കുന്നവരാരും ഇതില്‍നിന്നു വിട്ടുനില്‍ക്കരുത്. വിട്ടുവീഴ്ചയില്ലാതെ ആ അച്ഛനമ്മമാരുടെ കണ്ണീരിനൊപ്പം നില്‍ക്കണം.

‘ഒരിടത്ത് നീതി നിഷേധിക്കപ്പെട്ടാല്‍, മറ്റെല്ലാ ഇടത്തും നീതി കെട്ടുപോകാന്‍ അതിടയാക്കും’ എന്ന് പറഞ്ഞത് മാര്‍ട്ടിന്‍ ലൂഥര്‍ കിംങ് (ജൂനിയര്‍) ആണ്. നീതി കെട്ടുപോയ ഒരിടമായി കേരളം മാറാതിരിക്കട്ടെ.

 

https://www.facebook.com/VDSatheeshanParavur/photos/a.628374120554890/4290256031033329/

Comments (0)
Add Comment