‘കമ്മീഷൻ പറ്റുന്ന പരിപാടി പാർട്ടി അന്നേ തുടങ്ങിയതാണ്’ : ഇ എം എസ്‌ മന്ത്രിസഭയിലെ ആന്ധ്രാ അരി കുംഭകോണം ചൂണ്ടിക്കാട്ടി വി.ഡി. സതീശന്‍റെ കുറിപ്പ്

Jaihind News Bureau
Sunday, July 26, 2020

‘കമ്മീഷൻ പറ്റുന്ന പരിപാടി പാർട്ടി അന്നേ തുടങ്ങിയതാണ്’ ഇ എം എസ്‌ മന്ത്രിസഭയിലെ ആന്ധ്രാ അരി കുംഭകോണം ചൂണ്ടിക്കാട്ടി വി.ഡി. സതീശന്‍റെ വിമർശനം. കേരളത്തിലെ ആദ്യത്തെ അഴിമതി ആരോപണം 1957 ലെ ആദ്യനിയമസഭയില്‍ തന്നെ ആയിരുന്നുവെന്നും 72 വർഷം കഴിഞ്ഞിട്ടും ഈ പാർട്ടിക്ക് ഒരു മാറ്റവും വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇ എം എസ്‌ മന്ത്രിസഭയ്ക്കെതിരെ ആന്ധ്രാ അരി കുംഭകോണം ഉന്നയിച്ചത് നിയമസഭയിലെ അംഗമായിരുന്ന ടി.ഒ. ബാവാ സാഹിബ് ആയിരുന്നുവെന്നും വി.ഡി.സതീശന്‍ ചൂണ്ടിക്കാട്ടി. കെ പി സി സി പ്രസിഡണ്ടായിരുന്ന ടി.ഒ. ബാവാ സാഹിബിന്‍റെ 13-ആമത് ചരമവാർഷികത്തോടനുബന്ധിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത അനുസ്മരണക്കുറിപ്പിലായിരുന്നു വി.ഡി.സതീശന്‍റെ പരാമർശം.

ഭക്ഷ്യക്ഷാമം കൊടുമ്പിരിക്കൊണ്ട നാളുകളിൽ ആന്ധ്രയിൽ നിന്ന് കൂടിയ വിലക്ക് അരി വാങ്ങിക്കുകയും അതിൽ 1.66 ലക്ഷം രൂപ കമ്യൂണിസ്റ്റ് പാർട്ടി കമ്മീഷൻ പറ്റിയെന്നുമായിരുന്നു ആക്ഷേപം. അരി വാങ്ങിയതിൽ ഉണ്ടായ 1.5 ലക്ഷം രൂപയുടെ നഷ്ടം ഒഴിവാക്കപ്പെടേണ്ടതായിരുന്നു എന്നാണ് ഇതിനായി നിയോഗിക്കപ്പെട്ട ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് ചെയ്തത്. ഇതോടെ ഭക്ഷ്യമന്ത്രിയായിരുന്ന കെ.സി.ജോർജ് രാജിവയ്ക്കണമെന്ന് പി.ടി. ചാക്കോയുടെ നേതൃത്വത്തിൽ പ്രതിപക്ഷം ശക്തമായി ആവശ്യപ്പെട്ടെങ്കിലും സർക്കാർ അന്വേഷണ റിപ്പോർട്ട് തള്ളിക്കളഞ്ഞുവെന്നും വി.ഡി.സതീശന്‍ കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

കുറിപ്പിന്‍റെ പൂർണരൂപം :

കെ പി സി സി പ്രസിഡന്‍റായിരുന്ന ടി.ഒ. ബാവാ സാഹിബിന്‍റെ 13-ാമത് ചരമവാർഷികമാണിന്ന്. ധരിച്ചിരുന്ന ശുഭ്ര വസ്ത്രത്തിൽ ഒരു കറുത്ത പാടു പോലും വീഴ്ത്താതെ അർപ്പണബോധത്തോടെ സത്യസന്ധമായ വഴികളിലൂടെ മാത്രം സഞ്ചരിച്ച പഴയ തലമുറയിലെ രാഷ്ട്രീയത്തിന്‍റെ ഉജ്വല പ്രതീകം.

1957 ൽ ആദ്യനിയമസഭയിൽ അംഗമായിരുന്നപ്പോൾ കേരളത്തിലെ ആദ്യത്തെ അഴിമതി ആരോപണം- ആന്ധ്രാ അരി കുംഭകോണം -ഇ എം എസ്‌ മന്ത്രിസഭയ്ക്കെതിരെ നിയമസഭയിൽ ഉന്നയിച്ചത് അദ്ദേഹമാണ്. ഭക്ഷ്യക്ഷാമം കൊടുമ്പിരിക്കൊണ്ട നാളുകളിൽ ആന്ധ്രയിൽ നിന്ന് കൂടിയ വിലക്ക് അരി വാങ്ങിക്കുകയും അതിൽ 1.66 ലക്ഷം രൂപ കമ്യൂണിസ്റ്റ് പാർട്ടി കമ്മീഷൻ പറ്റിയെന്നുമായിരുന്നു ആക്ഷേപം. ( പരിപാടി അന്നേ പാർട്ടി തുടങ്ങിയതാണ്). ഇതേ തുടർന്ന് കേരളത്തിലെ ആദ്യ ജുഡീഷ്യൽ കമ്മീഷനായി ഹൈക്കോടതി ജഡ്ജിയായിരുന്ന പി.ടി.രാമൻ നായർ നിയോഗിക്കപ്പെട്ടു. പ്രശസ്ത അഭിഭാഷകനായിരുന്ന കളത്തിൽ വേലായുധൻ നായരായിരുന്നു കോൺഗ്രസിനു വേണ്ടി കമ്മീഷനു മുൻപിൽ ഹാജരായത്.

അരി വാങ്ങിയതിൽ ഉണ്ടായ 1.5 ലക്ഷം രൂപയുടെ നഷ്ടം ഒഴിവാക്കപ്പെടേണ്ടതായിരുന്നു എന്നാണ് കമ്മീഷൻ റിപ്പോർട്ട് ചെയ്തത്. ഭക്ഷ്യമന്ത്രിയായിരുന്ന കെ.സി.ജോർജ് രാജിവയ്ക്കണമെന്ന് പി.ടി. ചാക്കോയുടെ നേതൃത്വത്തിൽ പ്രതിപക്ഷം ശക്തമായി ആവശ്യപ്പെട്ടെങ്കിലും സർക്കാർ അന്വേഷണ റിപ്പോർട്ട് തള്ളിക്കളഞ്ഞു. ( 72 വർഷം കഴിഞ്ഞിട്ടും ഈ പാർട്ടിക്ക് ഒരു മാറ്റവും വന്നിട്ടില്ല.)
അഴിമതിക്കെതിരായി വിട്ടുവീഴ്ചയില്ലാത്ത നിലപാടു സ്വീകരിച്ച് വരുംതലമുറക്ക് മാതൃകയായ ബാവാ സാഹിബിന്റെ ഓർമ്മകൾക്ക് മുന്നിൽ ആദരവുകൾ അർപ്പിക്കുന്നു.