എല്ലാ അക്രമങ്ങളുടെയും ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്; ഒന്നാം പ്രതി ആകേണ്ടത് മുഖ്യമന്ത്രിയാണെന്ന് വി. ഡി. സതീശന്‍

തിരുവനന്തപുരം: നവകേരള സദസുമായി ബന്ധപ്പെട്ട എല്ലാ അക്രമങ്ങളുടെയും മുഴുവൻ ഉത്തരവാദിത്തവും മുഖ്യമന്ത്രിക്കാണെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍. ഒന്നാം പ്രതി ആകേണ്ടത് മുഖ്യമന്ത്രിയാണ്. കലാപത്തിന് ആഹ്വാനം ചെയ്തതും മുഖ്യമന്ത്രിയാണെന്ന്  വി ഡി സതീശന്‍ ആരോപിച്ചു. ഭിന്നശേഷിക്കാരൻ അജിമോനെ പോലും അക്രമിച്ചു. സഹികെട്ടപ്പോഴാണ് തിരിച്ച് അടിക്കുമെന്ന് പറഞ്ഞത്. കോഴിക്കോട് കെ എസ് യു ജില്ലാ പ്രസിഡന്‍റിനെ ഇന്ന് പോലീസ് മർദ്ദിച്ചു. കല്യാശ്ശേരി മുതൽ കൊല്ലം വരെ ആക്രമണം നടത്തിയവർക്കെതിരെ കേസ് എടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ തിരിച്ചടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേസ് എടുത്ത് പേടിപ്പിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ട. തന്‍റെ കുട്ടികൾക്കെതിരെ കേസെടുത്താൽ താൻ മുന്നിലുണ്ടാകും. ഗവർണർ സർക്കാർ പോര് നാടകമാണ്. മുഖ്യമന്ത്രിയിരിക്കുന്ന കസേരയോട് ബഹുമാനമുണ്ട് എന്നും വി ഡി സതീശൻ പറഞ്ഞു. മാസപ്പടി വിവാദത്തിന് ശേഷം റിയാസിന്‍റെ നാവ് ഉപ്പിലിട്ടു വെച്ചതായിരുന്നു. ശരിയായതിൽ സന്തോഷമുണ്ടെന്നും മാനേജ്മെന്റ് ക്വാട്ടയിൽ മന്ത്രിയായ ആൾ ആണ് റിയാസ് എന്നും വി ഡി സതീശൻ പരിഹസിച്ചു. യൂണിവേഴ്സിറ്റി സെനറ്റ് നിയമനത്തിൽ സർക്കാരിനും ഗവർണർക്കും തെറ്റ് പറ്റിയിട്ടുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു.

Comments (0)
Add Comment