പിണറായി വിജയന്‍ നരേന്ദ്ര മോദിയുടെ മൗത്ത് പീസ്: വി.ഡി.സതീശന്‍

ആലപ്പുഴ: കേരളത്തില്‍ ബിജെപിയുടെ മൗത്ത് പീസായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവര്‍ത്തിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കഴിഞ്ഞ 35 ദിവസവും എഴുതി തയാറാക്കി കൊണ്ടു വന്ന ഒരേ കാര്യം തന്നെയാണ് പത്രസമ്മേളനത്തില്‍ പറയുന്നതും യോഗങ്ങളില്‍ പ്രസംഗിക്കുന്നതും. കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയുമാണ് മുഖ്യമന്ത്രി ഏറ്റവും കൂടുതല്‍ വിമര്‍ശിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടം നയിക്കുന്നതും ഇന്ത്യ മുന്നണിക്ക് നേതൃത്വം നല്‍കുന്നതും രാഹുല്‍ ഗാന്ധിയാണ്. തീര്‍ത്താല്‍ തീരാത്ത പ്രതികാരത്തോടെ മോദി ഭരണകൂടം എതിര്‍ക്കുന്ന രാഹുല്‍ ഗാന്ധിയെയാണ് മുഖ്യമന്ത്രി പിണറായി വിജയനും എതിര്‍ക്കുന്നത്. ഭയമാണ് പിണറായി വിജയനെ ഭരിക്കുന്നത്. സിപിഎമ്മും ബിജെപിയും തമ്മിലുള്ള അവിഹിതമായ ബാന്ധവത്തിനെതിരെ ജനങ്ങള്‍ അതിശക്തമായി തിരഞ്ഞെടുപ്പില്‍ പ്രതികരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

19 സീറ്റില്‍ മത്സരിക്കുന്ന സിപിഎമ്മാണ് മോദി ഭരണകൂടത്തെ താഴെയിറക്കുമെന്ന് പറയുന്നതും പ്രകടനപത്രി ഇറക്കുന്നതും. 19 സീറ്റില്‍ മാത്രം മത്സരിക്കുന്നവര്‍ ഇന്ത്യയില്‍ അധികാരത്തില്‍ എത്തുമെന്ന് പറയുന്നത് തന്നെ ജനങ്ങളെ കബളിപ്പിക്കലാണ്. സംസ്ഥാന സര്‍ക്കാരിനെതിരെ അതിശക്തമായ ജനരോഷവും പ്രതിഷേധവും അമര്‍ഷവുമുണ്ട്. 55 ലക്ഷം പേര്‍ക്ക് സാമൂഹിക സുരക്ഷാ പെന്‍ഷനും 45 ലക്ഷം പേര്‍ക്ക് ക്ഷേമനിധി പെന്‍ഷനും ഉള്‍പ്പെടെ ഒരു കോടി ജനങ്ങള്‍ക്ക് പെന്‍ഷന്‍ നിഷേധിച്ച സര്‍ക്കാരാണ് പിണറായിയുടേത്. മാവോലി സ്‌റ്റോറുകളില്‍ സാധനങ്ങളോ ആശുപത്രികളില്‍ മരുന്നോ ഇല്ലാത്ത അവസ്ഥയാണ്. കരാറുകാര്‍ക്ക് പണം നല്‍കാത്തതിനാല്‍ വികസന പ്രവര്‍ത്തനങ്ങളും സ്തംഭനാവസ്ഥയിലാണ്. കേരളത്തെ രൂക്ഷമായ ധനപ്രതിസന്ധിയിലാക്കിയിട്ടും അഴിമതിക്ക് മാത്രം ഒരു കുറവുമില്ല. ഈ സാഹചര്യത്തില്‍ യുഡിഎഫിന് വന്‍വിജയം നേടാനാകും.

Comments (0)
Add Comment