റിയാസ് മൗലവിയുടെ കൊലപാതകം അന്വേഷിച്ചത് ശരിയായില്ല; പ്രോസിക്യൂഷനും അന്വേഷണ സംഘവും ഒത്തു കളിച്ചു, വിമർശനവുമായി വി.ഡി.സതീശന്‍

കാസർഗോഡ്: കേരളത്തിന്‍റെ മുഖ്യമന്ത്രിയാണ് എന്ന കാര്യം പിണറായി വിജയന്‍ മറന്നുപോകുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.  മുഖ്യമന്ത്രി കേരളത്തിന്‍റെ കാര്യങ്ങൾ ശ്രദ്ധിക്കുന്നില്ല. കേരളത്തിന്‍റെ ചരിത്രത്തിൽ ഏറ്റവും പരിതാപകരമായ സാമ്പത്തിക വർഷമാണ് കഴിഞ്ഞുപോയതെന്ന് വി.ഡി.സതീശന്‍ ആരോപിച്ചു. എല്ലാ വകുപ്പും തകർന്നു തരിപ്പണമാകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം റിയാസ് മൗലവിയുടെ കൊലപാതകം അന്വേഷിച്ചത് ശരിയായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ യുഎപിഎ ചുമത്തണം എന്ന് പറഞ്ഞിട്ടും അതില്‍ എന്ത് നടപടിയാണ് അദ്ദേഹം എടുത്തതെന്നും വി.ഡി.സതീശന്‍ ചോദിച്ചു. പോലീസ് കേസ് നന്നായി അന്വേഷിച്ചെന്ന് പറഞ്ഞു. എന്നാല്‍ പ്രോസിക്യൂഷനും അന്വേഷണ സംഘവും ഒത്തു കളിച്ചു. പുസ്തകം വായിച്ചതിന്‍റെ പേരിൽ രണ്ട് യുവാക്കളെ, അലനെയും താഹയെയും യുഎപിഎ നിയമത്തിൽ അകത്തിട്ട മുഖ്യമന്ത്രിയാണിത് പറയുന്നത്. സിപിഎം അനുഭാവികളായ കുടുംബത്തിലെ രണ്ടു ചെറുപ്പക്കാരെയാണ് അറസ്റ്റ് ചെയ്തു ജയിലിലിട്ടത്. അങ്ങനെയൊരാളാണ് ഇതുപോലെ ഒരു ക്രൂരമായ കൊലപാതകം നടത്തിയ ആർഎസ്എസ്സുകാര്‍ക്കെതിരെ യുഎപിഎ ചുമത്തില്ലെന്നു പറയുന്നത്. ഇവരുടെ കാപട്യമാണിത്. ഇവര്‍ തമ്മിലുള്ള ധാരണപ്രകാരമാണു പ്രതികള്‍ രക്ഷപ്പെട്ടതെന്നും അദ്ദേഹം ആരോപിച്ചു.

Comments (0)
Add Comment