ആര്‍എസ്എസുകാരെ രക്ഷിക്കാന്‍ റിയാസ് മൗലവി കേസ് സര്‍ക്കാര്‍ അട്ടിമറിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ആര്‍എസ്എസ് നേതൃത്വവുമായി നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങളുടെ ഭാഗമായാണോ പ്രതികളെ രക്ഷിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും റിയാസ് മൗലവി കേസില്‍ നടന്നത് വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ കൊന്ന് കെട്ടിത്തൂക്കിയ ഡിവൈഎഫ്ഐക്കാരനെ രക്ഷിക്കാന്‍ നടത്തിയ അതേ ഗൂഢാലോചനയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഭരണ നേതൃത്വത്തിന്‍റെ അറിവോടെ റിയാസ് മൗലവി വധക്കേസില്‍ പ്രോസിക്യൂഷനും പോലീസും ഗുരുതര വീഴ്ച വരുത്തി. സംഘര്‍ഷത്തില്‍ ഒന്നും ഉള്‍പ്പെടാത്ത ആളെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കുകയെന്നത് പോലീസിന്‍റെയും പ്രോസിക്യൂഷന്‍റെയും ചുമതലയാണ്. നിലവാരമില്ലാത്തതും ഏകപക്ഷീയമായതുമായ അന്വേഷണമാണ് നടന്നതെന്നാണ് വിധിയില്‍ പറയുന്നത്. പ്രതികള്‍ ആര്‍എസ്എസ് ആണെന്ന് തെളിയിക്കുന്നതിന് വേണ്ടി ഉള്‍പ്പെടുത്തിയിരുന്ന ആറ് സാക്ഷികളില്‍ ഒരാളെ മാത്രമാണ് വിസ്തരിച്ചത്. അഞ്ച് പേരെ വിസ്തരിക്കാത്തത് ദുരൂഹമാണെന്നും ഉത്തരവില്‍ പറയുന്നുണ്ട്. മതപരമായ വിദ്വേഷത്തെ തുടര്‍ന്നാണ് ഒരു നിരപരാധിയെ കൊലപ്പെടുത്തിയതെന്നും പ്രതികള്‍ക്ക് ആര്‍എസ്എസ് ബന്ധമുണ്ടെന്നതിനും തെളിവായി സാക്ഷികള്‍ ഉണ്ടായിട്ടും വിസ്തരിച്ചില്ല. ആര്‍എസ്എസുകാരെ സംരക്ഷിക്കാന്‍ വേണ്ടി ഗൂഡാലോചന നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ കൊന്ന് കെട്ടിത്തൂക്കിയിട്ടും ഡിവൈഎഫ്ഐക്കാരനെ രക്ഷിക്കാനാണ് പോലീസും പ്രോസിക്യൂഷനും ഒത്തുകളിച്ചത്. അതുപോലെ റിയാസ് മൗലവി കേസിലെ പ്രതികളായ ആര്‍എസ്എസുകാരെ രക്ഷിക്കാന്‍ നടത്തിയ കളിയെ തുടര്‍ന്നാണ് ഇതുപോലൊരു വിധിയുണ്ടായത്. വിചാരണ കോടതിയില്‍ തെളിവില്ലാത്ത കേസില്‍ അപ്പീലിന് പോയാല്‍ എന്താണ് സംഭവിക്കുകയെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് മാസ്‌കറ്റ് ഹോട്ടലില്‍ ശ്രീ എമ്മിന്‍റെ മധ്യസ്ഥതയില്‍ ആര്‍എസ്എസ് നേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയിലെ തീരുമാനത്തിന്‍റെ ഭാഗമായാണോ ആര്‍എസ്എസുകാരായ പ്രതികളെ രക്ഷിച്ചത്. ലക്ഷക്കണക്കിന് രൂപ ചെലവാക്കി ഡല്‍ഹിയില്‍ നിന്നും അഭിഭാഷകരെ കൊണ്ടു വന്നാണ് ഷുഹൈബ് കൊലക്കേസില്‍ സി.ബി.ഐ അന്വേഷണം ഒഴിവാക്കി സിപിഎമ്മുകാരെ രക്ഷിക്കാന്‍ ശ്രമിച്ചത്. ഷുഹൈബിന്‍റെ കേസിലെ പ്രതികളായ പാര്‍ട്ടിക്കാരെ രക്ഷപ്പെടുത്താന്‍ ഏതറ്റംവരെയും പോകാന്‍ തയാറായി. എന്നിട്ടും ഇത്രയും നിര്‍ണായകമായ കേസില്‍ പ്രതികളുടെ ശിക്ഷ ഉറപ്പാക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറി. ഇക്കാര്യത്തില്‍ മുകള്‍ത്തട്ടിലുള്ളവര്‍ക്കും ഉത്തരവാദിത്തമുണ്ട്. കേസ് നടത്തിപ്പിലും അന്വേഷണത്തിലും അപാകതയുണ്ട്. കൊടുംകുറ്റവാളികളെ സര്‍ക്കാര്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മുഖ്യമന്ത്രി നടത്തുന്ന പ്രസംഗങ്ങള്‍ക്ക് യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം വിമർശിച്ചു.