കുഴല്‍പ്പണക്കേസ് : പ്രതികളായ ബി.ജെ.പി നേതാക്കളെ സാക്ഷികളാക്കി രക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ശ്രമം : വി.ഡി സതീശന്‍

Jaihind Webdesk
Monday, July 26, 2021

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണ കേസില്‍ പ്രതികളായ ബി.ജെ.പി നേതാക്കളെ സാക്ഷികളാക്കി രക്ഷിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പൊലീസ് അന്വേഷണത്തിലൂടെ കേസില്‍ ഒരു ബി.ജെ.പി നേതാവും പ്രതികള്‍ ആകില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കിയിരിക്കുകയാണ്. കേസ് ഇ.ഡിയും തെരഞ്ഞെടുപ്പ് കമ്മിഷനും ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുമെന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത്. പൊലീസ് അന്വേഷണത്തിനൊപ്പം കേന്ദ്ര ഏജന്‍സികള്‍ കൂടി അന്വേഷിക്കണമെന്ന് പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടപ്പോള്‍, ബി.ജെ.പി നേതാക്കള്‍ നടത്തിയ പ്രസ്താവനയുടെ തുടര്‍ച്ചയെന്നു പറഞ്ഞ് മുഖ്യമന്ത്രി പരിഹസിക്കുകയായിരുന്നെന്ന് വി.ഡി സതീശന്‍ ചൂണ്ടിക്കാട്ടി.

നിയമസഭയില്‍ സി.ബി.ഐയെ കുറിച്ചാണ് മുഖ്യമന്ത്രി സംസാരിച്ചത്. അടിയന്തിര പ്രമേയ നോട്ടീസില്‍ പ്രതിപക്ഷം സി.ബി.ഐ കുറിച്ച് പരാമര്‍ശിച്ചിട്ടില്ല. പശുവിനെ കുറിച്ച് പറയുമ്പോള്‍, പശുവിനെ തെങ്ങില്‍ ചേര്‍ത്തുകെട്ടി ആ തെങ്ങിനെ കുറിച്ച് പറയുന്നതു പോലെയാണ് മുഖ്യമന്ത്രി നിയമസഭയില്‍ പ്രസംഗിക്കുന്നത്. സംഘപരിവാറുകാരനായ ധര്‍മ്മരാജനും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടേണ്ട കേസാണ് സര്‍ക്കാര്‍ ഒത്തുതീര്‍പ്പാക്കിയത്. ധര്‍മ്മരാജന്‍ സുരേന്ദ്രനെ ഫോണില്‍ വിളിച്ചിരുന്നെന്ന് അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ പൊലീസ് കണ്ടെത്തിയിരുന്നു. പിന്നീട് മൂന്നു മാസം കഴിഞ്ഞ്, കേസില്‍ നിന്നും എങ്ങനെ രക്ഷപ്പെടാമെന്ന പഴുത് കണ്ടെത്താന്‍ അവസരമൊരുക്കിയ ശേഷമാണ് സുരേന്ദ്രനെ ചേദ്യം ചെയ്യാന്‍ പോലും വിളിപ്പിച്ചത്. കൊടകര കുഴല്‍പ്പണ കേസ് കവര്‍ച്ചാ കേസ് മാത്രമാണോ? കുറ്റപത്രം വായിച്ചാല്‍ ഇത് കവര്‍ച്ചാ കേസ് മാത്രമാണെന്നു തോന്നും. സാമ്പത്തിക സ്രോതസ് കണ്ടെത്തുന്നതിനു വേണ്ടിയാണ് കേന്ദ്ര ഏജന്‍സികളെ കേസ് ഏല്‍പ്പിക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടത്. കേന്ദ്ര ഏജന്‍സികള്‍ കൂടി അന്വേഷിക്കുന്നതു കൊണ്ട് പൊലീസ് കേസ് ഇല്ലാതാകുന്നില്ല. പൊലീസ് അന്വേഷിക്കേണ്ടെന്നും പ്രതിപക്ഷം പറഞ്ഞിട്ടില്ല.- വി.ഡി സതീശന്‍ പറഞ്ഞു.

‘കേന്ദ്ര ഏജന്‍സികളെ കേസ് ഏല്‍പ്പിക്കണമെന്നു ആവശ്യപ്പെട്ട പ്രതിപക്ഷത്തെ പരിഹസിച്ച മുഖ്യമന്ത്രിക്ക് അതേ സീറ്റില്‍ ഇരുന്ന് ഇപ്പോള്‍ മാറ്റിപ്പറയേണ്ട ഗതികേടാണ് ഉണ്ടായിരിക്കുന്നത്. മിസ്റ്റര്‍ പിണറായി വിജയന്‍, ആയിരം പിണറായി വിജയന്‍മാര്‍ ഒന്നിച്ചു വന്നാലും ഞങ്ങള്‍ക്ക് സംഘിപ്പട്ടം ചാര്‍ത്താന്‍ പറ്റില്ല. ബി.ജെ.പിയുടെ വോട്ട് വാങ്ങിയിട്ട് നാണമുണ്ടോ എന്നാണ് ചോദിക്കുന്നത്. ഇത് ഉത്സവ പറമ്പിലെ പോക്കറ്റടിക്കാരന്റെ തന്ത്രമാണ്. പോക്കറ്റടിക്കാരനെ അന്വേഷിച്ച് ആളുകള്‍ പരക്കം പായുമ്പോള്‍ ഏറ്റവും കൂടുതല്‍ ഉച്ചത്തില്‍ കള്ളന്‍ എവിടെ, കള്ളന്‍ എവിടെ എന്ന് ചോദിക്കുന്നത് കള്ളനായിരിക്കും. അതുപോലെയാണ് മുഖ്യമന്ത്രിയും. സകല ഒത്തു തീര്‍പ്പിനും കൂട്ടുനിന്ന് പ്രതികളെ സാക്ഷികളാക്കി മാറ്റുന്ന പിണറായി ഇന്ദ്രജാലമാണ് കൊടകര കേസില്‍ നടന്നത്’- വി.ഡി സതീശന്‍ പറഞ്ഞു.

കൊടകര കേസില്‍ കേന്ദ്ര ഏജന്‍സി എന്നു കേള്‍ക്കുമ്പോള് മുഖ്യമന്ത്രിക്ക് ഹാലിളകും. സ്വര്‍ണക്കടത്തു കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചത് ആരാണ്? പക്ഷെ യു.ഡി.എഫ് കേന്ദ്ര ഏജന്‍സിയെന്നു പറയാന്‍ പാടില്ല. ലൈഫ് മിഷനിലെ 20 കോടിയില്‍ ഒന്‍പതേ കാല്‍ കോടിയും അടിച്ചുമാറ്റി. എന്നിട്ട് കോണ്‍ഗ്രസ് എം.എല്‍.എ കേസ് കൊടുത്തതാണോ കുറ്റം? കൈക്കൂലി കൊടുത്തെന്ന കേസിനെ മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്ന് ന്യായീകരിക്കരുത്. പരസ്പര വിരുദ്ധമായാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. നിങ്ങള്‍ക്ക് എതിരായ കേന്ദ്ര അന്വേഷണങ്ങളും ബി.ജെ.പിക്കാര്‍ക്കെതിരായ അന്വേഷണങ്ങളും ഒത്തുതീര്‍പ്പാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.