എംഎം മണി കേരളത്തിന്റെയാകെ ഗതികേട്; ഇത്തരം ആളുകളെ വീട്ടിലിരുത്താന്‍ സിപിഎം നടപടിയെടുക്കണമെന്ന് വിഡി സതീശന്‍

Jaihind Webdesk
Thursday, October 19, 2023

കേരളത്തിലെ ഏറ്റവും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളില്‍ ഒരാളായ പി.ജെ ജോസഫിനെ അധിക്ഷേപിച്ച എം.എം മണി കേരളത്തിന്റെയാകെയും സി.പി.എമ്മിന്റെയും ഗതികേടായി മാറരുതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. മണിയെ നിലയ്ക്കു നിര്‍ത്താന്‍ സി.പി.എമ്മും മുഖ്യമന്ത്രിയും ഇടപെടണം. മറുപടി ഇല്ലാതെ വരുമ്പോഴും സര്‍ക്കാര്‍ പ്രതിസന്ധിയിലാകുമ്പോഴും രാഷ്ട്രീയ എതിരാളികളെ അധിക്ഷേപിക്കാന്‍ എം.എം മണിയെ പോലുള്ള വാപോയ കോടാലികളെ ഇറക്കി വിടുന്നത് സി.പി.എം കാലങ്ങളായി പയറ്റുന്ന തന്ത്രമാണ്. ഇതിന് മുന്‍പും മണിയുടെ അശ്ലീല വാക്കുകള്‍ കേരളത്തിന്റെ സാംസ്‌കാരിക അന്തരീക്ഷത്തെ വിഷലിപ്തമാക്കിയിട്ടുണ്ട്. സി.പി.എമ്മിന്റെ മൗനാനുവാദത്തോടെയാണ് കെ.കെ രമ എം.എല്‍.എയെ നിയമസഭയില്‍ അധിഷേപിച്ചത്. ജനപ്രതിനിധികള്‍, വനിതാ നേതാക്കള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ കേട്ടാല്‍ അറയ്ക്കുന്ന വാക്കുകളാണ് മണിയുടെ വായില്‍ നിന്നും വന്നിട്ടുള്ളത്.

സ്ഥിരമായി അസഭ്യം പറയുന്ന എം.എം മണിയുടെ സമനില തെറ്റിയെന്നാണ് പൊതുസമൂഹം കരുതുന്നത്. ഇത്തരം ആളുകളെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഇറക്കാതെ വീട്ടിലിരുത്താന്‍ നടപടിയെടുക്കുകയെന്നതാണ് സി.പി.എം നേതൃത്വം ചെയ്യേണ്ടത്. എം.എം മണി പൊതുശല്യമായി മാറാതിരിക്കാന്‍ സി.പി.എം നേതൃത്വത്തിന്റെ അടിയന്തിര ഇടപെടല്‍ ഉണ്ടാകണം.മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യമാണ് അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കളും കാണിക്കുന്നത്. ‘നിനക്കൊന്നും വേറെ പണിയില്ലേ, തെണ്ടാന്‍ പൊയ്ക്കൂടെ’ എന്നാണ് ശാസ്ത്ര ഉപദേഷ്ടാവ് മാധ്യമ പ്രവര്‍ത്തകരോട് ചോദിക്കുന്നത്. ഇത്രയും തരംതാണ ഭാഷ ഉപയോഗിക്കുന്ന ഉപദേഷ്ടാവിന്റെ മാതൃക മുഖ്യമന്ത്രിയായിരിക്കുമെന്ന് തീര്‍ച്ചയാണ്. അല്‍പമെങ്കിലും മാന്യതയുണ്ടെങ്കില്‍ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് മാപ്പ് പറയണം.

അഴിമതിയും സ്വജനപക്ഷപാതവും കഴിവുകേടും ചൂണ്ടിക്കാട്ടുന്ന പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും വായ് മൂടിക്കെട്ടാന്‍ ശ്രമിക്കുന്നതും ഭരണത്തിന്റെ ഹുങ്കില്‍ അധിക്ഷേപിക്കുന്നതും ഫാസിസ്റ്റ് സര്‍ക്കാരുകളുടെ രീതിയാണ്. മോദിയുടെ വലതു നിലപാടുകള്‍, അതിനേക്കാള്‍ തീവ്രതയോടെയാണ് പിണറായിയും കൂട്ടരും കേരളത്തില്‍ നടപ്പാക്കുന്നത്. കാവി മാറി ചുവപ്പാകുന്നുവെന്ന വ്യത്യാസം മാത്രമെയുള്ളൂവെന്നും സതീശന്‍ പറഞ്ഞു.