കൊവിഡ് കാലത്ത് സർക്കാർ പ്രഖ്യാപിച്ച 20000 കോടിയുടെ പാക്കേജ് ജനങ്ങളെ കബളിക്കുന്നത്: വി.ഡി സതീശൻ; വീഡിയോ

Jaihind News Bureau
Friday, March 20, 2020

തിരുവനന്തപുരം: കൊവിഡ് കാലത്ത് സർക്കാർ പ്രഖ്യാപിച്ച 20000 കോടിയുടെ പാക്കേജ് ജനങ്ങളെ കബളിക്കുന്നതാണെന്ന് വി.ഡി സതീശൻ എംഎൽഎ. കഴിഞ്ഞവർഷം നവംബർ മുതൽ തുടർച്ചയായ ട്രഷറി നിയന്ത്രണമുണ്ട്. അൻപതിനായിരം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ പാസാകുന്നില്ല. പതിനാലായിരം കോടിയോളം രൂപ സർക്കാർ കൊടുക്കാനുണ്ട്. ഈ തുക അടുത്തമാസം നൽകുമെന്നാണ് സർക്കാർ പ്രഖ്യാപനത്തിലൂടെ പറഞ്ഞിരിക്കുന്നത്. ഇതും കൊവിഡ് ബാധയുമായി എന്ത് ബന്ധമാണുള്ളതെന്നും ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെ അദ്ദേഹം ചോദിച്ചു.

സാമൂഹികസുരക്ഷാ പെൻഷനുകൾ ഒരുമിച്ച് നൽകുമെന്ന് സർക്കാർ പറയുന്നുണ്ട്. എന്നാൽ കഴിഞ്ഞ സെപ്റ്റംബർ മുതൽ സാമൂഹികസുരക്ഷാ പെൻഷനുകൾ സർക്കാർ കൊടുക്കാനുണ്ട്. അഞ്ച് മാസത്തെ പെൻഷൻ നൽകാനുള്ളപ്പോൾ അടുത്തമാസത്തെ കൂടി ഉൾപ്പെടുത്തി രണ്ട് മാസത്തെ പെൻഷൻ നൽകുമെന്ന് പറയുന്നത് തട്ടിപ്പാണെന്നും അദ്ദേഹം പറഞ്ഞു. കുടുംബശ്രീക്കും തൊഴിലുറപ്പ് പദ്ധതിക്കും രണ്ടായിരം കോടി രൂപ വിതം നൽകുമെന്ന് പറയുന്നതുമെല്ലാം ജനങ്ങളെ കബളിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.