‘ഉദ്യോഗാർത്ഥികളെ ശത്രുക്കളായല്ല, മക്കളായി കാണണം’ ; സർക്കാരിനോട് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : ഉദ്യോഗാർത്ഥികളെ ശത്രുക്കളായല്ല, മക്കളായി കാണണമെന്ന് സർക്കാരിനോട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. റാങ്ക് പട്ടികകളുടെ കാലാവധി നീട്ടി നൽകാത്തതിനാൽ നൂറു കണക്കിന് ഉദ്യോഗാർഥികൾക്ക് ജോലി സാധ്യത ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. റാങ്ക് പട്ടിക അട്ടിമറിച്ചും കോപ്പിയടിച്ചും ആൾമാറാട്ടം നടത്തിയും അപമാനിച്ചത് പ്രതിപക്ഷമല്ല. പ്രളയം തുടങ്ങി കൊവിഡ് വരെ 493 പട്ടികകൾ നീട്ടിയിട്ടും പ്രയോജനം കിട്ടിയില്ല. അസാധാരണ സാഹചര്യം വന്നാൽ റാങ്ക് പട്ടിക ഒന്നര വർഷം വരെ നീട്ടാമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

അതേസമയം പിഎസ്‌സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍ അറിയിച്ചു. റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടിസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പിൽ എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിയത്.

പിഎസ്‌സിയെ ‘പാര്‍ട്ടി സര്‍വീസ് കമ്മിഷ’നാക്കരുതെന്നും കരുവന്നൂര്‍ ബാങ്കിന്റെ നിലവാരത്തിലേക്ക് പിഎസ്‌സിയെ താഴ്ത്തരുതെന്നും ഷാഫി പറമ്പിൽ പറഞ്ഞു. പിഎസ്‌സി നീക്കത്തിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതിനിടെ പട്ടിക നീട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ ഉദ്യോഗാർത്ഥികള്‍ രംഗത്തെത്തി. സിപിഒ റാങ്ക് ലിസ്റ്റിലുള്‍പ്പെട്ട ഉദ്യോഗാർത്ഥികള്‍ മുടിമുറിച്ച് പ്രതിഷേധിച്ചു. റാങ്ക് ലിസ്റ്റ് നീട്ടാനാകില്ലെന്ന് സഭയില്‍ മുഖ്യമന്ത്രി അറിയിച്ചതിനുപിന്നാലെയാണ് ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം. 15 ദിവസത്തിലേറെയായി സമരം തുടർന്നിട്ടും അനുകൂല സമീപനമല്ല സർക്കാരില്‍ നിന്നും ഉണ്ടായതെന്നും ഉദ്യോഗാർത്ഥികള്‍ പറഞ്ഞു.

Comments (0)
Add Comment