പ്രതിപക്ഷ നേതാക്കളെ കേസിൽ കുടുക്കാൻ എ.കെ.ജി സെന്‍റർ കേന്ദ്രീകരിച്ച് സിപിഎം ഗൂഡാലോചന : വി.ഡി.സതീശൻ

Jaihind News Bureau
Thursday, November 26, 2020

 

കൊച്ചി : സംസ്ഥാനത്തെ പ്രതിപക്ഷ നേതാക്കളെ കേസിൽ കുടുക്കാൻ എ.കെ.ജി സെന്‍റർ കേന്ദ്രീകരിച്ച് സി.പി.എം നേതാക്കൾ ഗൂഡാലോചന നടത്തുകയാണെന്ന് വി.ഡി.സതീശൻ എം.എൽ.എ. പ്രളയ പുനർ നിർമ്മാണ പ്രവർത്തിൻ്റെ ഭാഗമായി തന്‍റെ മണ്ഡലമായ പറവൂരിൽ നടക്കുന്ന പുനർജ്ജനി പദ്ധതിയെ കുറിച്ച് വിജിലൻസ് അന്വേഷണം നടത്താനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും വി.ഡി സതീശൻ എം.എൽ.എ കൊച്ചിയിൽ പറഞ്ഞു.

പുനർജനി പദ്ധതിയിലെ വിജിലൻസ് അന്വേഷണത്തെ താൻ സ്വാഗതം ചെയ്യുകയാണ് .പുനർജനി പദ്ധതിയിൽ നടത്തിയ ഭവന നിർമ്മാണത്തിൽ ഒരു വിദേശ സഹായവും സ്വീകരിച്ചിട്ടില്ലെന്ന് അവിശ്വാസ പ്രമേയത്തിൻ്റെ ചർച്ചാ വേളയിൽ നിയമസഭയിൽ വ്യക്തമാക്കിയതാണ്. ഇപ്പോൾ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലന്നും വി.ഡി സതീശൻ എം.എൽ.എ പറഞ്ഞു. പൊതു വിഷയങ്ങളിൽ എടുക്കുന്ന നിലപാടുകളെ കേസ് എടുത്ത് ദുർബല പെടുത്താം എന്നു സർക്കാർകരുതേണ്ട. സർക്കാരിനെയും സിപിഎമ്മിനെയും ബാധിച്ചിരിക്കുന്ന ജീർണ്ണത പ്രതിപക്ഷനേതാക്കളെ അപകീർത്തി പെടുത്തികൊണ്ട് മറച്ചു വെക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സിപിഎം പാർട്ടി ചാനലും പത്രവും അടിസ്ഥാന രഹിതമായ വാർത്തകൾ കൊടുക്കുകയാണ്. താൻ 81 തവണ വിദേശയാത്ര നടത്തി എന്ന് പറയുന്നത് അടിസ്ഥാനരഹിതമാണ്. ഏറ്റവും മികച്ച രീതിയിൽ പ്രളയ പുനർനിർമാണം നടത്തിയത് പറവൂരിലാണ്. പ്രളയബാധിതർക്കായുള്ള 200 വീടുകൾ ജനുവരിയിൽ പൂർത്തിയാകുമെന്നും വി.ഡി സതീശൻ അറിയിച്ചു.

എം. ശിവശങ്കറും ബിനീഷ് കോടിയേരിയും അറസ്റ്റിലായ ദിവസം പാർട്ടി പത്രവും ചാനലും തനിക്കെതിരെ വിജിലൻസ് കേസെടുക്കാൻ അനുമതി തേടി എന്ന വാർത്ത നൽകിയെന്നും അന്ന് അത്തരമൊരാവശ്യം സർക്കാറിന് മുന്നിലുണ്ടായിരുന്നില്ല. പിന്നീടാണ് ഇത് സർക്കാറിലേക്കയച്ചത്. സർക്കാറിലേക്ക് അയക്കും മുൻപ് തന്നെ ഗൂഡാലോചന നടന്നെന്നും വി.ഡി സതീശൻ കൂട്ടി ചേർത്തു.