അർ.എസ്.എസിന്‍റെ ഹൈന്ദവ പാരമ്പര്യമല്ല ഇന്ത്യയുടേത്; പുതുതലമുറ ഏകാധിപതികളെ ആരാധിക്കുന്നുവെന്നും വി.ഡി സതീശന്‍

ഇരുപതാം നൂറ്റാണ്ടില്‍ വംശഹത്യ നടത്തിയ ഏകാധിപതികളെ ജനമനസ്സില്‍ പ്രതിഷ്ഠിക്കാന്‍ ഗീബല്‍സിനെ പോലുള്ളവര്‍ നടത്തിയ പി.ആര്‍ വര്‍ക്കിന്‍റെ പുതിയരൂപമാണ് ആധുനിക കാലഘട്ടത്തില്‍ അവതരിപ്പിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. വൈക്കം സത്യാഗ്രഹ സമരത്തിന്‍റെ ശതാബ്ദി ആഘോഷത്തിന്‍റെ ഭാഗമായി കെപിസിസിയുടെ നേതൃത്വത്തിൽ നടന്ന ചരിത്ര കോൺഗ്രസ് ശില്‍പ്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകചരിത്രത്തെ കുറിച്ച് പുതുതലമുറയ്ക്കുള്ള അജ്ഞത കൊണ്ടാണ് അവര്‍ ഏകാധിപതികളെ ആരാധിക്കുന്നത്. രക്തരൂക്ഷിതമായ ചരിത്രത്തെ കുറിച്ചുള്ള പഠനം ജനാധിപത്യത്തിന്‍റെ ശക്തി നമുക്ക് ബോധ്യപ്പെടും. ഫാസിസത്തിന്‍റെയും കമ്യൂണസത്തിന്‍റെയും പേരിലാണ് കിരാതരായ ഭരണാധികാരികള്‍ മനുഷ്യരെ കൂട്ടക്കൊലചെയ്തതെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

മഹാത്മാ ഗാന്ധിജിയേയും ജനഹര്‍ലാല്‍ നെഹ്റുവിനേയും നാം പഠിക്കുകയും അവര്‍ പകര്‍ന്ന് നല്‍കിയ ജനാധിപത്യബോധത്തെ തിരിച്ചറിയുകയും വേണം. പഠിച്ചാലും തീരാത്ത ലോകമാണ് ഗാന്ധിജിയും നെഹ്റുവും നമുക്ക് സമ്മാനിച്ചത്. ലോകചരിത്രത്തിന്‍റെ ഗതിവിഗതി മാറ്റിയത് സാമൂഹ്യ സാമ്പത്തിക അസമത്വമാണ്. ജാതിയ ഉച്ചനീചത്വങ്ങള്‍ക്കെതിരെ നൂറ് വര്‍ഷം മുന്നേ സവര്‍ണ്ണജാഥ സംഘടിപ്പിച്ച സംസ്ഥാനമാണ് കേരളം. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് നമ്മുടെ പാരമ്പര്യം. ആര്‍.എസ്.എസ് ഉയര്‍ത്തുന്ന ഹൈന്ദവ പാരമ്പര്യമല്ല ഇന്ത്യയുടേതെന്നും വി.ഡി.സതീശന്‍ കൂട്ടിച്ചേർത്തു.

Comments (0)
Add Comment