പിണറായിയുടെ  ഉപദേശം കോണ്‍ഗ്രസിന് വേണ്ടെന്ന് വി.ഡി സതീശന്‍


ഇന്ത്യ മുന്നണിയെ ഒറ്റുകൊടുത്ത പിണറായിയുടെ  ഉപദേശം കോണ്‍ഗ്രസിന് വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കോണ്‍ഗ്രസിന്‍റെ പരാജയത്തില്‍ കെ. സുരേന്ദ്രനെക്കാള്‍ സന്തോഷിക്കുന്നത് പിണറായി വിജയനാണെന്നും സംഘപരിവാര്‍ നേതൃത്വവുമായി പിണറായി വിജയനുള്ള ബന്ധമാണ് സി.ബി.ഐയെ പോലും നിയന്ത്രിക്കുന്ന തരത്തിലേക്ക് വളര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ നടത്തിയ എല്ലാ അന്വേഷണവും ഒരു ദിവസം മടക്കിക്കെട്ടി. സംഘപരിവാറും കേരളത്തിലെ സി.പി.എം നേതൃത്വവും തമ്മിലുണ്ടാക്കിയ ധാരണയെ തുടര്‍ന്നാണിത്. എന്തുകൊണ്ടാണ് ഇന്ത്യ മുന്നണിയിലേക്ക് സി.പി.എം പ്രതിനിധിയെ അയയ്ക്കാന്‍ തയ്യാറാകാതിരുന്നതെന്നാണ് കോണ്‍ഗ്രസിനെ ഉപദേശിക്കുന്ന പിണറായി വിജയനോട് ചോദിക്കാനുള്ളതെന്ന് വി. ഡി. സതീശന്‍ പറഞ്ഞു.

കേരളത്തിലെ സി.പി.എം നേതാക്കളുടെ സമ്മര്‍ദം കൊണ്ടാണ് സിതാറാം യെച്ചൂരിക്ക് ഇത്തരമൊരു തീരുമാനം എടുക്കേണ്ടി വന്നത്. സംഘപരിവാറിന് വേണ്ടി ഇന്ത്യ മുന്നണിയെ ദുര്‍ബലപ്പെടുത്താന്‍ കൂട്ടു നിന്നയാളാണ് പിണറായി വിജയന്‍. പിണറായി ബി.ജെ.പിക്ക് വേണ്ടിയാണ് സംസാരിക്കുന്നതെന്നും അങ്ങനെയുള്ള പിണറായിയുടെ ഉപദേശം ഞങ്ങള്‍ക്കു വേണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

Comments (0)
Add Comment