ബൈക്കില്‍ കെട്ടിവച്ച നിലയിൽ യുവാവിന്‍റെ മൃതദേഹം പാറക്കുളത്തിൽ

Jaihind Webdesk
Saturday, December 29, 2018

Vazhur-murder-case

കറുകച്ചാലിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിനെ പാറക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. നീലംപേരൂർ പഞ്ചായത്ത് നാലാം വാർഡിൽ ഈര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപം വടയക്കാട്ട് മോഹനന്‍റെ മകൻ മുകേഷ് വി മോഹനനെ (31) യാണ് ചങ്ങനാശേരി – വാഴൂർ റോഡിൽ കാഞ്ഞിരപ്പാറയ്ക്ക് സമീപമുള്ള പാറക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുകേഷിന്‍റെ ഉടമസ്ഥതയിലുള്ള ബൈക്കില്‍ കെട്ടിവെച്ച നിലയിലായിരുന്നു മൃതദേഹം.

28 ന് രാവിലെ മുതൽ മുകേഷിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ കൈനടി പൊലീസിൽ പരാതി നൽകിയിരുന്നു. കൈനടി പൊലീസിന്‍റെ അന്വേഷണം നടക്കുന്നതിനിടെയാണ് ഇപ്പോൾ മൃതദേഹം കറുകച്ചാലിലെ പാറക്കുളത്തിൽ കണ്ടെത്തിയത്. വണ്ണം കുറഞ്ഞ പ്ലാസ്റ്റിക്ക് കയർ ഉപയോഗിച്ച് അരയിൽകെട്ടിയ ശേഷം ബൈക്കിന്‍റെ ക്രാഷ് ഗാർഡിലേയ്ക്ക് കയറിന്‍റെ മറ്റേ അറ്റം കെട്ടിവച്ചിരിക്കുകയായിരുന്നു. പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് മരിച്ചത് കൈനടിയിൽ നിന്നു കാണാതായ മുകേഷാണെന്ന് കണ്ടെത്തിയത്. തുടർന്ന് ചങ്ങനാശേരി DySP എസ് സുരേഷ്‌കുമാറിന്‍റെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സംഘം സ്ഥലത്ത് എത്തി. മൃതദേഹത്തിന്‍റെ ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കി പോസ്റ്റ് മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.