തിരികെ ജീവിതത്തിലേക്ക്; വാവ സുരേഷിന്‍റെ ആരോഗ്യനില സാധാരണ നിലയില്‍

Jaihind Webdesk
Saturday, February 5, 2022

 

കോട്ടയം : പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്‍റെ ആരോഗ്യനില സാധാരണ നിലയിലായി. ഇന്നലെ മുതൽ നടക്കാൻ തുടങ്ങി.  ഇനി മുതൽ മുറിവുണക്കാനുള്ള ആന്‍റിബയോട്ടിക് മാത്രം നൽകും. റൂമിലേക്ക് മാറ്റി തുടര്‍നിരീക്ഷണത്തിന് ശേഷം ഡിസ്ചാർജ് ചെയ്യും.

വെന്‍റിലേറ്ററിൽ കിടന്നതിന്‍റെ ക്ഷീണം മാത്രമാണ് സുരേഷിന് ഇപ്പോഴുള്ളത്. പാമ്പിന്‍റെ കടിയിലുണ്ടായ മുറിവുണങ്ങാൻ മാത്രമാണ് മരുന്ന് നൽകുന്നത്. ഇന്നലെയും ഇന്ന് പുലർച്ചെയുമായി ഇദ്ദേഹം നടന്നു. സാധാരണഗതിയിൽ ഭക്ഷണം കഴിക്കുന്നതായും ആശുപത്രി അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞയാഴ്ചയാണ് കോട്ടയം കുറിച്ചിയില്‍ വെച്ച് വാവ സുരേഷിനെ മൂർഖൻ പാമ്പ് കടിച്ചത്. പിടികൂടിയ പാമ്പിനെ ചാക്കിൽ കയറ്റുന്നതിനിടെ കാലില്‍ കടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ സുരേഷിനെ ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ആറംഗ വിദഗ്ധ സംഘമാണ് വാവ സുരേഷിന്‍റെ ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നത്.