യുഎഇയില്‍ വത്തിക്കാന്‍ എംബസി തുറന്നു; മാര്‍പാപ്പ ഒപ്പുവെച്ച ചരിത്രരേഖയുടെ മൂന്നാം വാര്‍ഷിക സമ്മാനമായി


അബുദാബി : യുഎഇ തലസ്ഥാനമായ അബുദാബിയില്‍ വത്തിക്കാന്‍ എംബസി പ്രവര്‍ത്തനം ആരംഭിച്ചു. മൂന്ന് വര്‍ഷം മുമ്പ് മാര്‍പാപ്പയുടെ യുഎഇ സന്ദര്‍ശനത്തോട് അനുബന്ധിച്ച് മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള ചരിത്ര രേഖ ഒപ്പുവെച്ചിരുന്നു. ഇതിന്‍റെ വാര്‍ഷികത്തോടനുബന്ധിച്ച് കൂടിയാണ് എംബസി തുറന്നത്.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അടുത്ത സഹായിയായ ആര്‍ച്ച് ബിഷപ്പ് എഡ്ഗര്‍ പെന യുഎഇയിലെ പുതിയ അപ്പോസ്‌തോലിക് ന്യൂണ്‍ഷിയേച്ചര്‍ ഉദ്ഘാടനം ചെയ്തു. യുഎഇ സാംസ്‌കാരിക യുവജന മന്ത്രി നൂറ ബിന്‍ത് മുഹമ്മദ് അല്‍ കഅബി, ദക്ഷിണ അറേബ്യയിലെ അപ്പസ്തോലിക് വികാരി ബിഷപ്പ് പോള്‍ ഹിന്‍ഡറും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.

വത്തിക്കാനിലെ പരിശുദ്ധ സിംഹാസനത്തിന്‍റെ നയതന്ത്ര ദൗത്യമാണ് അപ്പസ്‌തോലിക് ന്യൂണ്‍ഷിയേച്ചര്‍ എന്ന് അറിയപ്പെടുന്നത്. വത്തിക്കാന്‍ പ്രതിനിധിയുടെ നേതൃത്വത്തിലായിരിക്കും ഇത് പ്രവര്‍ത്തിക്കുക. നയതന്ത്ര ബന്ധത്തിന്‍റെ 15-ാം വാര്‍ഷികത്തില്‍ കൂടിയാണ് യുഎഇയില്‍ വത്തിക്കാന്‍ എംബസി തുറന്നത്.

Comments (0)
Add Comment