പ്രവാസികള്‍ നാട്ടിലെത്താനുള്ള നെട്ടോട്ടത്തില്‍; പൊറോട്ട എങ്ങനെ ഉണ്ടാക്കാമെന്ന ക്ലാസുമായി നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ എഫ്ബിയില്‍

Jaihind News Bureau
Thursday, May 7, 2020

ലോക്ഡൗണിനെ തുടര്‍ന്ന് വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി നിര്‍ണായക ഇടപെടല്‍ നടത്തേണ്ട നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ ഫേസ്ബുക്കില്‍ പരിഹാസ പോസ്റ്റുമായി രംഗത്ത്. നാട്ടിലേക്കെത്തുന്ന പ്രവാസി മലയാളികളുടെ പട്ടിക ഉള്‍പ്പെടെ തയ്യാറാക്കുന്നത് നോര്‍ക്ക വഴിയാണ്. ഇതിനിടെയാണ് നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാനും സിപിഎം നേതാവുമായ കെ.വരദരാജന്‍ പൊറോട്ട ഉണ്ടാക്കുന്നതെങ്ങനെയെന്നതിനെ കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

അതേസമയം പോസ്റ്റിനെതിരെ രൂക്ഷവിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. മടങ്ങിയെത്തുന്ന പ്രവാസികളെ പരിഹസിക്കുകയാണോയെന്നും നിരവധി പേര്‍ ചോദിക്കുന്നു. കൊവിഡിനെ പ്രതിരോധിക്കാന്‍ രാജ്യം ഒറ്റക്കെട്ടായി പൊരുതുമ്പോള്‍ ഉത്തരവാദിത്തപ്പെട്ട ചുമതല വഹിക്കുന്ന വ്യക്തി തന്നെ ഇങ്ങനെ പെരുമാറുകയാണെന്നും വിമര്‍ശനമുണ്ട്. സിപിഎമ്മിനകത്തും വരദരാജന്റെ നടപടിക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. പോസ്റ്റ് വിവാദമായതോടെ ഫേസ്ബുക്കില്‍ നിന്നും പിന്‍വലിച്ചു.