വണ്ടൂര്‍ പ്രസവാശുപത്രിയിലേക്ക് ഉപകരണങ്ങള്‍ ആവശ്യപ്പെട്ട് അധികൃതര്‍; അടിയന്തരമായി എത്തിച്ചുനല്‍കി രാഹുല്‍ ഗാന്ധി

 

വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ ആരംഭിക്കുന്ന പ്രസവ വിഭാഗത്തിലേക്ക് വൈദ്യുതി ഉപകരണങ്ങള്‍ എത്തിച്ചുനല്‍കി രാഹുല്‍ ഗാന്ധി.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ്  ആവശ്യമായ ഉപകരണങ്ങള്‍ എത്തിച്ചു നല്‍കിയത്.

മഞ്ചേരി മെഡിക്കല്‍ കോളജ് പൂർണ്ണമായി കൊവിഡ് ചികിത്സാ കേന്ദ്രമായി മാറിയതോടെയാണ് വണ്ടൂര്‍ താലൂക്ക് ആശുപത്രിയുടെ ഭാഗമായി അമ്മമാരുടേയും കുട്ടികളുടേയും പുതിയ ചികിത്സാകേന്ദ്രം ആരംഭിച്ചത്. ഫണ്ട് സമാഹരിക്കാന്‍ ബുദ്ധിമുട്ടിയ പഞ്ചായത്ത് അധികൃതര്‍ വിഷയം രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ഉടന്‍ തന്നെ ഇവിടേക്കായി മൂന്നേകാൽ ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ രാഹുല്‍ ഗാന്ധി അടിയന്തരമായി എത്തിച്ചു. ഉപകരണങ്ങള്‍ എത്തിയതോടെ പ്രസവവിഭാഗത്തിന്‍റെ  പ്രവര്‍ത്തനം ഉടന്‍ സജീവമാകും.

പ്രതിസന്ധി ഘട്ടങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ സ്വന്തം നിലയില്‍ മണ്ഡലത്തിലെ ജനങ്ങള്‍ക്കായി നിരവധി സഹായങ്ങളാണ് രാഹുല്‍ ഗാന്ധി ലഭ്യമാക്കിയത്. അവശ്യമരുന്നുകളില്ലാതെ ദുരിതത്തിലായ മണ്ഡലത്തിലെ 1300-ലധികം കിഡ്‌നി, കരള്‍ രോഗികള്‍ക്കായി ഡയാലിസിസ് കിറ്റുകള്‍, ഒരു മാസത്തെ മരുന്ന് എന്നിവയാണ് രാഹുലിലൂടെ മണ്ഡലത്തിലെത്തിച്ചിരുന്നു.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാനന്തവാടി ജില്ലാ ആശുപത്രിക്കായി ഒരു കോടി രൂപ അനുവദിച്ചു. ജില്ലാ ആശുപത്രിയില്‍ 26.5 ലക്ഷം രൂപ വകയിരുത്തിക്കൊണ്ട് ആര്‍ത്രോസ്‌കോപിക് മെഷീനും സജ്ജമാക്കാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിച്ചു.

 

 

 

 

 

Comments (0)
Add Comment