വണ്ടിപ്പെരിയാർ കേസ്: അപ്പീലില്‍ കക്ഷി ചേരാന്‍ പെണ്‍കുട്ടിയുടെ കുടുംബം; വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ഹര്‍ജിയും നല്‍കും

 

ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കട്ടപ്പന അതിവേഗ കോടതിയുടെ വിധിയിൽ പ്രോസിക്യൂഷൻ നൽകുന്ന അപ്പീലിൽ ഹർജിയിൽ കക്ഷിചേരാൻ തീരുമാനിച്ച് പെൺകുട്ടിയുടെ മാതാപിതാക്കൾ. പ്രതിയെ വെറുതേവിട്ട കോടതി വിധി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്വന്തം നിലയിലും ഹർജി നൽകും. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തുടർ നടപടികളുമായി മുന്നോട്ടു പോകുമെന്ന് കുഞ്ഞിന്‍റെ മാതാപിതാക്കൾ അറിയിച്ചു. പോലീസിന്‍റെയും പ്രോസിക്യൂഷന്‍റെയും വീഴ്ചകള്‍ അക്കമിട്ടു നിരത്തിയാണ് കോടതി പ്രതിയെ വിട്ടയച്ചത്.

പ്രതിയാണെന്ന് കണ്ടെത്തിയ അർജുനെ വെറുതെ വിട്ടുകൊണ്ടുള്ള കട്ടപ്പന അതിവേഗ കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയിൽ ഹർജി നൽകാൻ പ്രോസിക്യൂഷൻ തയാറെടുക്കുകയാണ്. നിലവിൽ പ്രോസിക്യൂഷൻ നൽകുന്ന ഹർജിയിൽ കക്ഷിചേരാനാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ തീരുമാനിച്ചിട്ടുള്ളത്. അതോടൊപ്പം വിധി റദ്ദ് ചെയ്യണമെന്നും അർജുനെ വീണ്ടും കസ്റ്റഡിയിലെടുത്ത് വിചാരണ നടത്തി കേസിൽ പട്ടികജാതി പട്ടിക-പട്ടികവർഗ പീഡന നിരോധന നിയമം ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബം സ്വന്തം നിലയിലും ഹർജി നല്‍കും. ഈ ആവശ്യങ്ങളുമായി കുടുംബം ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനുമായി കൂടിക്കാഴ്ച നടത്തും.

കേസിൽ അന്വേഷണ ഉദ്യോഗസ്ഥന് ഗുരുതരമായ വീഴ്ച ഉണ്ടായിട്ടുണ്ടെന്നും ഈ വീഴ്ച വെളിവാക്കുന്നതാണ് എസ്‌സി-എസ്ടി ആക്ട് ഉൾപ്പെടുത്താൻ അന്വേഷണ ഉദ്യോഗസ്ഥൻ വരുത്തിയ വീഴ്ചയെന്നും കുടുംബം ആരോപിക്കുന്നു. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെപിസിസി നിയോഗിച്ചിട്ടുള്ള അഭിഭാഷക സംഘവും ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കും.
അതേസമയം കേസ് അട്ടിമറിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിലേക്ക് വ്യാഴാഴ്ച രാവിലെ മാർച്ച് നടത്തും. മാർച്ച് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്യും.

Comments (0)
Add Comment