വിലക്കിനിടെ ഷെയ്ൻ നിഗം നായകനായെത്തുന്ന ചിത്രം ‘വലിയ പെരുന്നാൾ’ ഇന്ന് തിയേറ്ററുകളിലെത്തും

Jaihind News Bureau
Friday, December 20, 2019

വിലക്കിനിടെ ഷെയ്ൻ നിഗം നായകനായെത്തുന്ന ചിത്രം ‘വലിയ പെരുന്നാൾ’ ഇന്ന് തിയേറ്ററുകളിലെത്തും. കരാറുള്ള ചിത്രങ്ങളുമായി നിസഹകരിച്ചുവെന്ന പരാതിയിലാണ് നിർമാതാക്കളുടെ സംഘടന ഷെയ്നിന് വിലക്ക് ഏർപ്പെടുത്തിയത്. ഷെയ്ൻ പരസ്യമായി മാപ്പുപറയാതെ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയാറല്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായുള്ള വിവാദങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് ഷെയ്ൻ നിഗം നായകനായെത്തുന്നചിത്രം വലിയ പെരുന്നാൾ ഇന്ന് റിലീസ് ചെയ്യുന്നത്. ഷെയ്നുമായി താരസംഘടന അമ്മ ഈ മാസം 21ന് യോഗം തീരുമാനിച്ചിട്ടുണ്ടെന്ന് അറിയിച്ചെങ്കിലും അത് ജനുവരിയിലേക്കു മാറ്റി. ഇതോടെ നിർമാതാക്കളും ഷെയ്‌നുമായുള്ള പ്രശ്‌നത്തിന് ഉടൻ പരിഹാരം ഉണ്ടാകില്ല എന്ന് അറിയുന്നു. ഇതിനിടെയാണ് ചിത്രത്തിന്‍റെ റിലീസ്

സെൻസർ കോപ്പിക്ക് 3 മണിക്കൂർ 8 മിനുറ്റ് ദൈർഘ്യമാണ് ഉള്ളത്. ഡിമൽ ഡെന്നിസാണ് സംവിധാനം ചെയ്യുന്നത്.

ഹിമിക ബോസാണ് നായിക. മാജിക് മൗണ്ടെയ്ൻ സിനിമാസിന്റെ ബാനറിൽ മോനിഷ രാജീവാണ് നിർമാണം. ഫെസ്റ്റിവൽ ഓഫ് സാക്രിഫൈസ് എന്ന ടാഗ് ലൈനിലാണ് ചിത്രം വരുന്നത്. അൻവർ റഷീദാണ് വിതരണം നിർവഹിക്കുക.

അതേസമയം വമ്പൻ റിലീസുകളാണ് ഇന്ന് ഉള്ളത്. മലയാളത്തിൽ നിന്ന് മഞ്ജു വാരിയർ നായികയായെത്തുന്ന പ്രതി പൂവൻകോഴി പൃത്വിരാജ്-സുരാജ് വെഞ്ഞാറമ്മൂട് കൂട്ടുകെട്ട് ചിത്രം ഡ്രൈവിങ്ങ് ലൈസൻസ് ജയസൂര്യയുടെ തൃശ്ശൂർ പൂരം എന്നിവയും വലിയ പെരുന്നാളിനൊപ്പം ഇന്ന് റിലീസ് ചെയ്യുന്നുണ്ട്. തമിഴിൽ നിന്ന് കാർത്തി നായകനാകുന്ന ജിത്തുജോസഫ് ചിത്രം തമ്പിയും ശിവകാർത്തികേയന്റെ ഹീറോയും ഹിന്ദിയിൽ നിന്ന് സൽമാൻ ഖാന്റെ ദബംഗ് 3യും റിലീസ് ചെയ്യും.