സർക്കാരിന്‍റെ നീതിനിഷേധത്തിനെതിരെ പ്രതിഷേധം ; തല മുണ്ഡനം ചെയ്ത് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

 

പാലക്കാട് : വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി തേടി തല മുണ്ഡനം ചെയ്ത് അമ്മയുടെ പ്രതിഷേധം. ഈ വിഷയം ഉന്നയിച്ച് ജില്ലകൾ തോറും സർക്കാരിനെതിരെ പ്രചാരണം നടത്തും. മാർച്ച് 4 ന് നൂറ് പേർ എറണാകുളത്ത് തലമുണ്ഡനം ചെയ്യും. ഒരു മാസമായി വാളയാറില്‍ താന്‍ സത്യാഗ്രഹം ഇരിക്കുകയാണെന്നും തന്റെ കണ്ണീര്‍ സര്‍ക്കാര്‍ കണ്ടില്ലെന്നും പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.

ഒട്ടേറെ സാമൂഹിക പ്രവര്‍ത്തകരും പിന്തുണ പ്രഖ്യാപിച്ച് നിരാഹാരസമരം നടത്തി. എന്നാല്‍ ഇതൊന്നും കാണാതെ മുന്നോട്ടുപോകുകയാണ് സര്‍ക്കാര്‍. വരുംദിവസങ്ങളില്‍ 14 ജില്ലകളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്നും അമ്മ പറഞ്ഞു. രമ്യ ഹരിദാസ് എം.പി, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് എന്നിവരും സമരവേദിയില്‍ ഐക്യദാര്‍ഢ്യവുമായെത്തി.

Comments (0)
Add Comment