വടക്കഞ്ചേരി ബസ് അപകടം: ചികിത്സ തേടിയതിന് ശേഷം ഡ്രൈവർ ആശുപത്രിയില്‍ നിന്ന് കടന്നു

വടക്കഞ്ചേരി/പാലക്കാട്: 9 പേരുടെ ജീവനെടുത്ത അപകടത്തിനിടയാക്കിയ ടൂറിസ്റ്റ് ബസിന്‍റെ ഡ്രൈവർ ആശുപത്രിയില്‍ നിന്ന് കടന്നു. വടക്കഞ്ചേരിയിലെ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം ഇയാള്‍ രക്ഷപ്പെടുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.  ബസിന്‍റെ ഉടമകൾ എത്തി കൂട്ടിക്കൊണ്ടുപോയെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.

മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാത്രി പതിനൊന്നരയോടെ ആയിരുന്നു സംഭവം. കൊട്ടാരക്കര – കോയമ്പത്തൂർ സൂപ്പർഫാസ്റ്റ് ബസിലേക്ക് ടൂറിസ്റ്റ് ബസ് ഇടിച്ച് കയറിയാണ് വൻ അപകടമുണ്ടായത്. അപകടത്തിൽ 9 പേർ മരിച്ചു. മരിച്ചവരിൽ അഞ്ച് പേർ വിദ്യാർത്ഥികളും, 3 പേർ കെഎസ്ആര്‍ടിസി യാത്രക്കാരും, ഒരാൾ അധ്യാപകനുമാണ്. എൽന ജോസ് ക്രിസ്‍വിന്‍റ്, ദിവ്യ രാജേഷ് , അഞ്ജന അജിത്, ഇമ്മാനുവൽ എന്നിവരാണ് മരിച്ച വിദ്യാർത്ഥികൾ. ദീപു, അനൂപ്, രോഹിത് എന്നിവരാണ് കെഎസ്ആർടിസിയിലെ യാത്രക്കാർ, വിഷ്ണുവാണ് മരിച്ച അധ്യാപകൻ.

42 വിദ്യാർഥികളും രണ്ട് അധ്യാപകരും 2 ജീവനക്കാരും അടങ്ങുന്നതായിരുന്നു സംഘം. ഊട്ടിയിലേക്ക് തിരിച്ചതായിരുന്നു ഇവർ.
ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് വിനോദയാത്രാ സംഘം പുറപ്പെട്ടത്. 10,11,12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്. ദേശീയ പാത വടക്കഞ്ചേരിയിലെ കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപം മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ മുന്നിൽ പോവുകയായിരുന്ന കെഎസ്ആർടിസി ബസിന്‍റെ പിന്നിലേക്ക് ടൂറിസ്റ്റ് ബസ് ഇടിച്ച് കയറുകയായിരുന്നു.കെഎസ്ആർടിസി ബസിന് പിന്നിലിടിച്ച ശേഷം ടൂറിസ്റ്റ് ബസ് തലകീഴായി ചതുപ്പിലേക്ക് മറിഞ്ഞു. സംഭവ സ്ഥലത്ത് ആദ്യം എത്തിയ നാട്ടുകാരാണ് രക്ഷാ പ്രവർത്തനം നടത്തിയത്.

അമിത വേഗതയിലെത്തിയ ബസ് കാറിനെ മറികടക്കവേയാണ് അപകടം സംഭവിച്ചത്. ഈ സമയം ടൂറിസ്റ്റ് ബസ് മണിക്കൂറില്‍ 97.2 കിലോമീറ്റര്‍ വേഗതയിലായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിരങ്ങി നീങ്ങിയ ബസ് ചതുപ്പിലേക്ക് മറിഞ്ഞു. തലകീഴായി മറിഞ്ഞ ബസ് വെട്ടി പൊളിച്ചാണ് രക്ഷാപ്രവർത്തകർ കുട്ടികളെ പുറത്തെടുത്തത്. സംഭവ സമയത്ത് മഴ പെയ്തിരുന്നത് അപകടത്തിന്‍റെ വ്യാപ്തി കൂട്ടി.

സ്ഥലം സന്ദര്‍ശിച്ച മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്‍റ് ഉദ്യോഗസ്ഥരും അമിത വേഗം സ്ഥിരീകരിച്ചു. ഇതിനിടെ അപകടത്തിൽപ്പെട്ട ബസ് വേളാങ്കണ്ണി യാത്ര കഴിഞ്ഞ് തിരിച്ചെത്തിയതിന് പിന്നാലെയാണ് സ്കൂളിന്‍റെ ഓട്ടം ഏറ്റെടുത്തത്. ഈ ബസ് മുമ്പും നിയമ ലംഘനങ്ങൾക്ക് പിടിയിലായിട്ടുണ്ട്. 5 തവണ കേസ് എടുത്തതിനാൽ ബസിനെ കരിമ്പട്ടികയിൽ പെടുത്തിയിരിക്കുകയായിരുന്നു.

Comments (0)
Add Comment