മൂന്നാം തരംഗം അരികെ, വാക്സിനേഷന്‍ അകലെ ; ആശങ്കയായി മെല്ലെപ്പോക്ക്

ന്യൂഡല്‍ഹി : കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് നാശം വിതയ്ക്കുമ്പോള്‍ രാജ്യത്ത് കടുത്ത ആശങ്കയുണര്‍ത്തി വാക്സിനേഷനിലെ മെല്ലെപ്പോക്ക്. ഇതിനോടകം 3 ലക്ഷത്തോളം പേര്‍ക്കാണ് കൊവിഡില്‍ ജീവന്‍ നഷ്ടമായത്. പ്രതിവിധി വാക്സിനേഷന്‍ മാത്രമാണ്. എന്നാല്‍ മൂന്നാം തരംഗത്തിന്‍റെ ഭീഷണി അരികിലെത്തിനില്‍ക്കുമ്പോഴും രാജ്യത്ത് വാക്സിനേഷന്‍ തീര്‍ത്തും മന്ദഗതിയിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുവരെ രാജ്യത്തെ ആകെ ജനസംഖ്യയുടെ മൂന്ന് ശതമാനം പേര്‍ക്ക് മാത്രമാണ് വാക്സിന്‍ നല്‍കാനായത്.

വാക്‌സിൻ ലഭിച്ചവരുടെ രണ്ടു മാസത്തെ ശരാശരി എണ്ണമെടുക്കുമ്പോള്‍ കഴിഞ്ഞ ഒരാഴ്ചയായി തുടര്‍ച്ചയായി  ഇടിവ് രേഖപ്പെടുത്തുന്നു. കഴിഞ്ഞ ആഴ്ച ദിവസം ശരാശരി 11.66 ലക്ഷം പേര്‍ക്ക് മാത്രമാണ് വാക്‌സിനേഷന്‍ നടത്തിയതെന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്. മാര്‍ച്ച് 14ന് ശേഷമുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇത് ശരാശരിക്കും വളരെ താഴെയാണ്. ആകെ ജനസംഖ്യയുടെ മൂന്ന് ശതമാനത്തില്‍ താഴെ ആളുകള്‍ക്ക് മാത്രമേ ഇതുവരെ രാജ്യത്ത് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടുള്ളൂ.

രാജ്യത്ത് ആവശ്യമായ വാക്സിന്‍ ലഭ്യമല്ലാതായതിന് കേന്ദ്രത്തിന്‍റെ വാക്സിന്‍ നയം ഒരു കാരണമാണെന്ന് വിമര്‍ശനമുണ്ട്. രാജ്യത്ത് ലഭ്യമാക്കിയതില്‍ കൂടുതല്‍ വാക്സിനാണ് വിദേശത്തേക്ക് കയറ്റുമതി ചെയ്തത്. 18 മുതല്‍ 44 വയസ് വരെയുള്ള പൗരന്‍മാര്‍ക്ക് വാക്‌സിൻ നൽകേണ്ട ഉത്തരവാദിത്തം കഴിഞ്ഞ മാസം കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ മേല്‍ചുമത്തിയിരുന്നു. സംസ്ഥാനങ്ങള്‍ക്ക് അധികഭാരം കൈമാറിയ കേന്ദ്ര വാക്‌സിന്‍ നയത്തിനെതിരെ വ്യാപക വിമര്‍ശനം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ഇതിനിടെ വാക്‌സിനുകള്‍ക്കായി ആഗോള ടെണ്ടര്‍ വിളിക്കുന്ന നടപടികളിലേക്കും സംസ്ഥാനങ്ങള്‍ കടന്നിട്ടുണ്ട്. ജനസംഖ്യാനുസൃതമായി വേണ്ടത്ര ഡോസുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡര്‍ നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വാക്സിനേഷന്‍ ഇനിയും മന്ദഗതിയിലാണ് നീങ്ങുന്നതെങ്കില്‍  രാജ്യത്ത് മൂന്നാം തരംഗം വലിയ നാശം വിതച്ചേക്കുമെന്ന ആശങ്കയാണ് ഉയരുന്നത്.

Comments (0)
Add Comment