‘നഷ്ടമായത് അനുഗ്രഹീത കലാകാരനെ’; അനുശോചിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാറിന്‍റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അനുശോചിച്ചു. വാണിജ്യ സിനിമയുടെ ചട്ടക്കൂടുകൾക്ക് പുറത്ത് കലാമൂല്യത്തിന്‍റെ നിറവ് കണ്ടെത്തിയ സംവിധായകനായിരുന്നു ഹരികുമാർ. സുകൃതം എന്ന ചലച്ചിത്രം മാത്രം മതി ഹരികുമാർ എന്ന സംവിധായകന്‍റെ പ്രതിഭ മനസിലാക്കാൻ. ഉദ്യാനപാലകൻ, സ്വയംവരപ്പന്തൽ, എഴുന്നള്ളത്ത് അങ്ങനെ എത്രയെത്ര ഹിറ്റുകൾ. എം.ടി വാസുദേവൻ നായർ അടക്കമുള്ള എണ്ണം പറഞ്ഞ സാഹിത്യകാരൻമാരുടെ സൃഷ്ടികൾ ഹരി കുമാറിന്‍റെ സംവിധാന മികവിൽ കലാതിവർത്തിയായ ചലച്ചിത്രങ്ങളായി.

അനുഗ്രഹീതനായ ഒരു കലാകാരനെയാണ് ഹരികുമാറിന്‍റെ വിയോഗത്തിലൂടെ മലയാള സിനിമയ്ക്ക് നഷ്ടമായത്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദു:ഖത്തിൽ പങ്കുചേരുന്നതായും പ്രതിപക്ഷ നേതാവ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Comments (0)
Add Comment