ബി.ജെ.പിക്ക് വോട്ട് ചെയ്യരുതെന്ന് ആത്മഹത്യാ കുറിപ്പെഴുതിവെച്ച് ഉത്തരാഖണ്ഡില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ ജില്ലയിലെ കര്‍ഷകനായ ഈശ്വര്‍ ചന്ദ് ശര്‍മയാണ് കടക്കെണി കാരണം ആത്മഹത്യ ചെയ്തത്. തന്നെ മരണത്തിലേക്ക് തള്ളിവിട്ടതിന് പിന്നില്‍ സര്‍ക്കാരിന്‍റെ കര്‍ഷകദ്രോഹ നിലപാടാണെന്ന് കത്തില്‍ സൂചിപ്പിക്കുന്നു.
‘കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ബി.ജെ.പി സര്‍ക്കാര്‍ കര്‍ഷകരെ തകര്‍ത്തു. ഇനിയും അവര്‍ക്ക് വോട്ട് ചെയ്ത് അധികാരത്തിലെത്തിക്കരുത്. അവർ എല്ലാവരെയും ചായ വില്‍പനക്കാരാക്കും’ – 65 കാരനായ ഈശ്വര്‍ ചന്ദ് ശര്‍മയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബാങ്ക് ലോണ്‍ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് ഒരു ഇടനിലക്കാരന്‍ തന്നെ പറ്റിച്ചതായും കത്തില്‍ പരാമര്‍ശമുണ്ട്. ലോണ്‍ ശരിയാക്കാമെന്ന് പറഞ്ഞ് ജാമ്യം നിന്ന അയാള്‍ ബ്ലാങ്ക് ചെക്ക് ഒപ്പിട്ടുവാങ്ങി. പോലീസ് നടത്തിയ അന്വേഷണത്തില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്‍ 5 ലക്ഷം രൂപ ബാങ്കില്‍ നിന്ന് വായ്പയെടുത്തിരുന്നതായി കണ്ടെത്തി. ഇടനിലക്കാരനായി നിന്നയാള്‍ 4 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ബ്ലാങ്ക് ചെക്ക് ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായി കര്‍ഷകന്‍ ആത്മഹത്യാക്കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാരിന്‍റെ തെറ്റായ നയങ്ങളും കര്‍ഷകദ്രോഹസമീപനം കാരണം രാജ്യമൊട്ടാകെ ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്ന കര്‍ഷകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുണ്ടായത്. സര്‍ക്കാര്‍ നടപടിക്കെതിരെ വലിയ പ്രതിഷേധമുണ്ടായിട്ടുംമോദി സര്‍ക്കാര്‍ ഇതിനോടെല്ലാം മുഖംതിരിക്കുകയാണുണ്ടായത്. വിളകള്‍ക്ക് ന്യായമായ ലാഭം ലഭിക്കാത്തതും വിളനാശവുമെല്ലാം കര്‍ഷകരെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു.
ഈശ്വര്‍ ചന്ദിന്‍റെ ആത്മഹത്യക്ക് പിന്നാലെ ബി.ജെ.പി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ബി.ജെ.പി സര്‍ക്കാര്‍ കര്‍ഷകദ്രോഹ നിലപാടുകളും തെറ്റായ പദ്ധതികളും കൊണ്ടാണ് കര്‍ഷകന്‍ ആത്മഹത്യ ചെയ്തതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 17 കര്‍ഷകരാണ് ആത്മഹത്യ ചെയ്തതെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.