ഇന്ന് ഉത്രാടം; പ്രതിസന്ധികള്‍ക്കിടയിലും ഓണം ആഘോഷിക്കാനൊരുങ്ങി നാട്

Jaihind News Bureau
Sunday, August 30, 2020

 

തിരുവനന്തപുരം:  ഇന്ന് ഉത്രാടം. പഴമയുടെ പെരുമ ഇല്ലെങ്കിലും  കൊവിഡ് ജാഗ്രതയ്ക്കിടയിലും ഓണം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് മലയാളികള്‍. മാവേലിയും ഓണപ്പൊട്ടനും പുലികളിയും ആഘോഷങ്ങളും ഇല്ലാത്ത ഈ ഓണത്തിന് മാസ്‌കും സാനിറ്റൈസറുമൊക്കെയാണ്  അത്തപ്പൂക്കളത്തിനും സദ്യക്കുമൊപ്പം മലയാളിക്ക് കൂട്ട്.

ഓണമെന്നാല്‍ മലയാളിക്ക് ഓണക്കളികളുടെയും ഒത്തുചേരലുകളുടെയും ആഘോഷങ്ങളുടെയും കാലമാണ്. ഓണത്തപ്പനും അത്തപൂക്കളവും ഓണപ്പൊട്ടനും പുലികളിയും വള്ളംകളിയുടെയും കാലമാണ്. കഴിഞ്ഞ രണ്ടോണവും മഴവെള്ളപാച്ചിലില്‍ മുങ്ങിയപ്പോള്‍ കിടപ്പാടവും കൃഷിയും ഉറ്റവരെയുമടക്കം നഷ്ടപ്പെട്ടവര്‍ക്ക് ഒപ്പം നിന്ന് ജീവിതം തിരിച്ച് പിടിക്കാന്‍ ഉള്ള തത്രപാടിലായിരുന്നു മലയാളികള്‍. കൊവിഡ് കാലത്തെ ഈ ഓണത്തിനും മാറ്റ് കുറവാണ്. എന്നാല്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഓണമാഘോഷിക്കാനാണ് മലയാളി തയ്യാറെടുക്കുന്നത്. ഓണക്കോടിക്കും ഓണസദ്യക്കുമുള്ള അവസാനവട്ട പാച്ചിലിലാണ് ഏവരും. കാര്‍ഷികസമൃദ്ധിയുടെ ഓര്‍മ്മകളും കൂടിച്ചേരലുകളും എന്ന സങ്കല്‍പ്പത്തില്‍ നിന്ന ഏറേ ദൂരം പോയെങ്കിലും ഉത്രാട ദിനത്തില്‍ ഓണവിപണി സജീവമായി.

കൊവിഡ് കാലമായതിനാല്‍ പരമാവധി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഒത്തുകൂടലുകള്‍ ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ്. കടകളില്‍ പോകുമ്പോള്‍ കുട്ടികളെയോ പ്രായമായവരേയോ ഒപ്പം കൊണ്ടു പോകാതിരിക്കാന്‍ ശ്രദ്ധിക്കണം. വ്യാപാര സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അടുത്ത ഓണം സന്തോഷത്തിന്‍റേയും ഐശ്വര്യത്തിന്‍റേയും പുത്തന്‍ പ്രതീക്ഷകളുമായി കടന്നു വരാന്‍ പൂവിളിയുടെ ആരവങ്ങളും മാവേലിയും തിരുവാതിരക്കളിയും ഇല്ലെങ്കിലും ആകലെയുള്ള ബന്ധുക്കളെ ഓണ്‍ലൈനില്‍ ചേര്‍ത്ത് പിടിച്ച് കൊവിഡ് ജാഗ്രതയില്‍ ഈ ഓണം ആഘോഷിക്കാം.