തിരുവനന്തപുരം വിമാനത്താവളത്തിലെ യൂസര്‍ ഫീസ് കുറയ്ക്കണം; കേന്ദ്ര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ശശി തരൂര്‍ എം പി


തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ യൂസര്‍ ഫീസ് കുറവു ചെയ്യണമെന്ന് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഡോ. ശശി തരൂര്‍ എം പി ആവശ്യപ്പെട്ടു. സൗഹൃദപരവും ക്രിയാത്മകവുമായിരുന്നു സിവില്‍ ഏവിയേഷന്‍ മന്ത്രി റാംമോഹന്‍ നായിഡുവുമായുള്ള കൂടിക്കാഴ്ച.  ഉന്നയിച്ച നാല് പ്രധാന പ്രശ്‌നങ്ങളിലും അനുകൂല നടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭരണത്തിന് കീഴിലുള്ള വിമാനത്താവളങ്ങളില്‍ നിലവിലുള്ളതുപോലെ, സ്വകാര്യ വിമാനത്താവളങ്ങള്‍ക്കും ഒരു എയര്‍പോര്‍ട്ട് ഉപദേശക സമിതി രൂപീകരിക്കണമെന്നും ഡോ. ശശി തരൂര്‍ മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. തിരക്കു കുറഞ്ഞ റൂട്ടുകളിലെ വിമാനങ്ങള്‍ക്ക് കൂടി നിലവില്‍ കൂടുതല്‍ തിരക്കുള്ള വിമാനത്താവളങ്ങള്‍ക്കിടയിലുള്ള ഫ്ളൈറ്റുകള്‍ക്ക് സബ്സിഡി നല്‍കുന്ന ഉഡാന്‍ പദ്ധതി നല്‍കേണ്ടതിന്റെ ആവശ്യകത മന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയില്‍ ഡോ. ശശി തരൂര്‍ ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം – കൊച്ചി – കോഴിക്കോട് – കണ്ണൂര്‍, വിമാനത്താവളങ്ങള്‍ തമ്മില്‍ ബന്ധപ്പെടുത്തിയും തിരുവനന്തപുരത്ത് നിന്ന് കോയമ്പത്തൂര്‍, മംഗലാപുരം തുടങ്ങി സ്ഥലങ്ങളിലേയ്ക്കുള്ള ഫ്ളൈറ്റുകളം ഉഡാന്‍ പദ്ധതി പ്രകാരം ചെയ്യാവുന്നതാണ്. അങ്ങനെ ചെയ്താല്‍ ഉഡാന്‍ സ്‌കീമിന് കീഴിലുള്ള മിതമായ സബ്സിഡിയില്‍ നിന്ന് പ്രയോജനം നേടാന്‍ എയര്‍ലൈനുകള്‍ തീര്‍ച്ചയായും അത്തരം റൂട്ടുകളില്‍ വിമാനങ്ങള്‍ ആരംഭിക്കാന്‍ തയ്യാറായേക്കുമെന്ന് ഡോ. ശശി തരൂര്‍ എംപി പറഞ്ഞു.

Comments (0)
Add Comment