സംസ്ഥാനത്ത് വിദ്യാർത്ഥികളില്‍ മയക്കുമരുന്ന് ഉപയോഗം വർദ്ധിക്കുന്നു: എക്സൈസ് വകുപ്പിന്‍റെ പരാജയം

Jaihind Webdesk
Saturday, May 21, 2022

സംസ്ഥാനത്ത് വിദ്യാർത്ഥികളുടെ ഇടയിൽ മയക്കുമരുന്ന് ഉപയോഗം വർദ്ധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം 20 വയസിന് താഴെ പ്രായമുള്ള 293 പേർക്കെതിരെയാണ് എക്സൈസ് വകുപ്പ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.  മയക്കുമരുന്നുകളുടെ ഉപയോഗത്തിലും വിപണനത്തിലും വിദ്യാർത്ഥികളടക്കമുള്ള അനേകം യുവതീ യുവാക്കള്‍ ഉൾപ്പെടുന്നുണ്ട്. വിദ്യാർത്ഥികളെ ഇതിനായി പ്രലോഭിപ്പിക്കുന്ന മാഫിയകൾ സംസ്ഥാനത്തുടനീളം വിഹരിക്കുന്നുണ്ട്. എന്നാല്‍ ഇത്തരക്കാർക്കെതിരെ  ഫലപ്രദമായ നടപടികളുമായി മുന്നോട്ട് പോകാന്‍  സർക്കാരിനു കഴിയുന്നില്ല. മന്ത്രി ഗോവിന്ദൻ മാസ്റ്റർക്ക് എക്സൈസിൽ വകുപ്പിൽ പൂർണ്ണ പരാജയമാണ്. തദ്ദേശസ്വയം ഭരണ വകുപ്പിൽ കൂടുതൽ സമയവും ചെലവഴിക്കേണ്ടി വരുന്നതിനാൽ ഗോവിന്ദൻ മാസ്റ്റർക്ക് എക്സൈസ് വകുപ്പിൽ കാര്യക്ഷമമായി ഇടപെടുന്നില്ലെന്നും വിമർശനം ഉയരുന്നു.

മയക്കുമരുന്നുകൾ ഉപയോഗിക്കുന്ന വിദ്യാർത്ഥികളുടെ കണക്കുകള്‍ സർക്കാരിന്‍റെ  കയ്യില്ലില്ല. ഈ ലിസ്റ്റ് ഉണ്ടെങ്കിൽ ഇവരുടെ കയ്യിൽ ലഹരി ഉത്പന്നങ്ങള്‍ എങ്ങനെ എത്തുന്നു എന്നതിന്‍റെ  ഉറവിടം നിഷ്പ്രയാസം കണ്ടെത്താൻ സാധിക്കും. മറ്റു കുട്ടികളിലേക്ക് മയക്കുമരുന്ന് ഉപയോഗം എത്താതിരിക്കാനും സാധിക്കും. ലഹരി മരുന്ന് ഉപയോഗം ഇല്ലാതാക്കുന്നതിന് സ്കൂൾ, കോളേജ് തലങ്ങളിൽ രൂപികരിച്ചിരിക്കുന്ന ലഹരി വിരുദ്ധ ക്ലബുകൾ പലതും പ്രവർത്തനം ബോധവത്കരണ ക്ലാസുകളിൽ ഒതുക്കുന്നു. അധ്യാപകരുടെ സഹായത്താൽ വിദ്യാർത്ഥികളുടെ ലഹരി ഉപയോഗം ആരംഭത്തിലേ മനസിലാക്കി കൗൺസിലിംഗ് , ചികിത്സ തുടങ്ങിയ നടപടികൾ സ്വീകരിക്കുന്നതിന് നേർവഴി എന്ന പദ്ധതി സർക്കാർ ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും പല സ്കൂളുകളിലും ഇതിന്‍റെ പ്രവർത്തനം നടക്കുന്നില്ല.

നേർവഴി എന്ന പദ്ധതി കൃത്യമായി നടന്നാൽ മയക്ക് മരുന്ന് ഉപയോഗിക്കുന്നവരുടെ ലിസ്റ്റ് കൃത്യമായി തയ്യാറാക്കാൻ സാധിക്കും. അത് വഴി മയക്ക് മരുന്ന് മാഫിയ ശൃംഖല വിദ്യാർത്ഥികളിൽ എത്തുന്ന വഴി കണ്ടെത്താനും ആ കണ്ണികളെ ഇല്ലാതാക്കാനും സാധിക്കും.  ലഹരികൾക്ക് അടിമപ്പെട്ടത് കാരണം പഠനം മുടങ്ങിയതും മാനസിക, ആരോഗ്യ നില തകരാറിലായതുമായ നിരവധി വിദ്യാർത്ഥികളുണ്ട്. ഉദ്യോഗസ്ഥരും ലഹരിമാഫിയയും തമ്മിലുള്ള അവിശുദ്ധ കൂട്ടുക്കെട്ടാണ് സംസ്ഥാനത്ത് മയക്ക്മരുന്ന് ഉപയോഗം വർദ്ധിക്കാനുള്ള പ്രധാന കാരണം. പേരിന് മാത്രം കേസെടുക്കുകയാണ് ഉദ്യോഗസ്ഥർ. പല കേസുകളിലും മാഫിയ തലവൻമാർ രക്ഷപ്പെടുകയാണ്. കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത കേസുകളുടെ വിവരങ്ങള്‍ ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു.